×

ലണ്ടനിലെ കെമിക്കൽ ആക്രമണം; പ്രതി തേംസ് നദിയിൽ ചാടി മരിച്ചെന്ന് പൊലീസ്

google news
download - 2024-02-10T214642.053

ലണ്ടൻ ∙ സൗത്ത് ലണ്ടനിലെ ക്ലാപ്പമിൽ യുവതിക്കും രണ്ടു പെൺകുട്ടികൾക്കും നേരേ കെമിക്കൽ ആക്രമണം നടത്തിയ പ്രതി അബ്ദുൾ ഷുക്കൂർ എസീദി തേംസ് നദിയിൽ ചാടി മരിച്ചിരിക്കാമെന്ന് പൊലീസ്.  സംഭവം നടന്ന് പത്തുദിവസത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കമാൻഡർ ജോൺ സാവെൽ തന്നെയാണ് ഇത്തരമൊരു സാധ്യതയാണ് കാണുന്നതെന്ന് വ്യക്തമാക്കിയത്. ആയിരക്കണക്കിന് സിസിടിവി ക്യാമറകളും കനത്ത പൊലീസ് സുരക്ഷയുമുള്ള ലണ്ടൻ നഗരത്തിൽ ഇത്തരമൊരു ആക്രണം ഉണ്ടായശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാത്തത് കനത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. 

അന്വേഷണം ഊർജിതമാക്കിയ പൊലീസ് നൂറു കണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് പ്രതി തേംസ് നദിയിൽ ചാടി മരിച്ചിരിക്കാമെന്ന നിഗമനത്തിൽ എത്തിയത്. നദിയ്ക്കു കുറുകെയുള്ള ചെൽസി ബ്രിഡ്ജിലാണ് ഇയാൾ അവസാനം സിസിടിവിയിൽ പതിഞ്ഞത്. പാലത്തിനോടു ചേർന്ന് നടന്നിരുന്ന ഇായാൾ പെട്ടെന്ന് അപ്രത്യക്ഷനാകുന്നതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. തേംസിനു സമീപത്തുകൂടി നാലു കിലോമീറ്ററോളം ഇയാൾ നടക്കുന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്തുവായിച്ചാണ് നദിയിൽ ചാടി ഇയാൾ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇയാളുടെ മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. 

ജനുവരി  31 ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും എല്ലാം ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾക്കും അവരുടെ 31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാൾ രാസവസ്തുക്കൾകൊണ്ട് ആക്രമണം നടത്തിയത്. ആസിഡ് ആക്രണമല്ല എന്ന് പൊലീസ് ഉടൻ സ്ഥിരീകരിച്ചിരുന്നു.  ശരീരത്തിന് ഗുരുതരമായ പൊള്ളലേൽക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അക്രമി ന്യൂകാസിൽ നിന്നെത്തിയ അബ്ദുൾ ഷുക്കൂർ ഇസീദിയാണെന്ന് പൊലീസ് ഉടൻ കണ്ടെത്തുകയും ചെയ്തു. ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ഇയാൾ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് മനസിലാക്കാൻ കഴിഞ്ഞത്. സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടികൾ ഇയാളുടേതല്ല.  ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോഴും ചികിൽസയിലാണ്. ചികിൽസയ്ക്കു ശേഷം കുട്ടികൾ ആശുപത്രി വിട്ടു. 

2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു ലോറിയിൽ ബ്രിട്ടനിലെത്തിയതാണ്  പ്രതിയായ അബ്ദുൾ ഷുക്കൂർ എസീദി.  2018ൽ ഒരു ലൈംഗീകാതിക്രമ കേസിൽ ഇയാൾ പൊലീസ് പിടിയിലായിരന്നു.  രണ്ടുവട്ടം അഭയാർഥി വീസയ്ക്കായി അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാൽ  പിന്നീട് ബ്രിട്ടനിൽ തുടരാൻ ഇയാൾക്ക് ഹോം ഓഫിസ് അനുമതി നൽകുകയായിരുന്നു. ഇയാളുടെ പേരിലുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തി നാടുകടത്താൻ മാത്രം പര്യാപ്തമല്ലാത്തതിനാലാണ് ഹോം ഓഫിസ് ഈ ആനുകൂല്യം നൽകിയത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags