×

ശ്രുതിയുടെ വാക്ക് ‘ഡോളറായി’; കെനിയയിൽ മൊട്ടിട്ട അമേരിക്കൻ പ്രണയം

google news
download - 2024-02-08T144152.710

കെട്ടുന്നത് ഏത് അമേരിക്കക്കാരനെ ആയാലും ശരി, കല്യാണം മുണ്ടൂരിൽ വച്ചാകുമെന്നു കുട്ടിക്കാലത്ത് ശ്രുതി തമാശ പറയുമായിരുന്നു. ആ പറഞ്ഞ നാക്ക് ‘ഡോളറായി’. ചെക്കനായി അമേരിക്കക്കാരൻ തന്നെ വന്നു. ഡോ.ശ്രുതിയും അമേരിക്കക്കാരനായ ഡോക്ടർ നിക്കും തമ്മിലുള്ള കല്യാണം മുണ്ടൂർ തേവരോടം എന്നറിയപ്പെടുന്ന ധർമ്മീശ്വരം ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്നു. കോട്ടയം സ്വദേശി ഡോ.മുരളീധരന്റെയും മുണ്ടൂർ സ്വദേശിനി ഡോ.അനിതയുടെയും മകളായ ഡോ.ശ്രുതിയും യുഎസിലെ ടോം ഡെസ്‌ലോറിയേർസിന്റെയും ചെറിലിന്റെയും മകനായ ഡോ.നിക്കും തമ്മിലുള്ള കല്യാണം പാട്ടുത്സവവും തിരുവാതിരക്കളിയും ഹൽദിയും നൃത്തവുമൊക്കെയായി കേമമായി.

കല്യാണം കഴിഞ്ഞ അവസ്ഥയ്ക്ക് ഹണിമൂൺ വല്ല മലമ്പുഴയ്ക്കോ കന്യാകുമാരിക്കോ പ്രാർഥനയുണ്ടോ എന്നു കളിയാക്കി ചോദിച്ച ഡോ.അനിതയോട് ശ്രുതി പറഞ്ഞു – ഹണിമൂൺ മാലദ്വീപിലാണ്... തൊട്ടടുത്ത ദിവസം തന്നെ അവരങ്ങ് മാലദ്വീപിലേക്കു പോയി. ‘അല്ല ഇനി ഞങ്ങൾ നിക്കണോ പോണോ’ എന്ന അവസ്ഥയിലായി കല്യാണത്തിനു പാലക്കാട്ടേക്കു വന്ന ചെക്കന്റെ അമേരിക്കക്കാരൻ അച്ഛനും അമ്മയും..‘ മക്കളെന്തായാലും മാലദ്വീപിൽ പോയി, നമുക്ക് മൂന്നാർ പോകാമെന്നായി ഡോ.മുരളീധരൻ. പെണ്ണിന്റെ അച്ഛനുമമ്മയും ചെക്കന്റെ അച്ഛനുമമ്മയും കേരളമാകെ കറങ്ങുകയാണ്. മക്കൾ മാലദ്വീപിൽ. അച്ഛനമ്മമാർ മൂന്നാർ, അലപ്പുഴ, കോട്ടയം വഴിയങ്ങനെ കേരളമാകെ ചുറ്റിയടിക്കുന്നു. ഗംഭീര ഫാമിലി.

കെനിയയിൽ മൊട്ടിട്ട അമേരിക്കൻ പ്രണയം
നാട്ടിൻപുറമല്ലേ, നാട്ടുകാർക്കു സംശയം തീരില്ല. ഇവരെങ്ങനെ കണ്ടുമുട്ടി, പ്രണയത്തിലായി.. ചോദ്യങ്ങളിങ്ങനെ വന്നുകൊണ്ടേയിരിക്കും. ‘അമേരിക്കയിൽ വച്ചു കണ്ടതാകുമല്ലേ ’ എന്നു പറഞ്ഞവരോട് അല്ല ‘ആഫ്രിക്കയിൽ വച്ചാ ’ എന്നു ശ്രുതി മറുപടി പറഞ്ഞത് കളിയാക്കിയല്ല. ഇവരുടെ പ്രണയത്തിന് ‘ആഫ്രിക്കൻ ’ കണ‌ക്ഷൻ ഉണ്ട്. കാരോലൈനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ കെനിയയിൽ എച്ച്ഐവി കേന്ദ്രത്തിൽ ശ്രുതി പഠനപ്രവർത്തനത്തിനു പോയിരുന്നു. അവിടെതന്നെ മറ്റൊരു സ്ഥാപനത്തിൽ നിക്കും ഉണ്ടായിരുന്നു. നിക്ക് നല്ലൊരു അത്‌ലറ്റാണ്. ഓട്ടത്തിലും ചാട്ടത്തിലും നീന്തലിലുമൊക്കെ മിടുക്കൻ. അതിനൊപ്പം തന്നെ മലകയറ്റം, കയാക്കിങ് പോലെയുള്ള സാഹസികപ്രവർത്തനങ്ങളിലെല്ലാം സജീവം. ശ്രുതിയും ഇതുപോലെ തന്നെയായിരുന്നു. കുന്നും മലയുമൊക്കെ കയറിയും കയാക്കിങ് നടത്തിയും വീട്ടുകാരെ ‘തീ തീറ്റിക്കുന്നത് ’ ശ്രുതിക്കും ഒരു വിനോദം.

ലോകത്തെ തന്നെ വിസ്മയമായ കിളിമഞ്ചാരോ പർവതത്തിലേക്കുള്ള യാത്രയിലാണ് ഇവർ നന്നായി അടുത്തത്. പരസ്പരം മനസിലാക്കിയുള്ള ആ യാത്രയിൽ അവർപ്രണയത്തിന്റെ കൊടുമുടി കയറുകയായിരുന്നു. യാത്രകളിലൂടെ അവർ നന്നായി അടുത്തു. അമേരിക്കയിലാണെങ്കിലും ശ്രുതി ശരിക്കും ‘ഷാരത്തെ ’ കുട്ടിയായിരുന്നു. പക്കാ വെജിറ്റേറിയൻ. എന്നാൽ, ശ്രുതിയെ കണ്ടുമുട്ടാൻ വേണ്ടിയാണോ എന്നറിയില്ല നിക്കും ഏറെ കാലമായി വെജിറ്റേറിയനായിരുന്നു. ഭക്ഷണകാര്യത്തിൽ അവർ ഒറ്റമനസായി. അവൻ കഴിച്ചില്ലെങ്കിലും അവൾക്കായി ഭക്ഷണം അവൻ കരുതി. അവർ ഒരുമിച്ച് കഴിച്ചു. എംബിബിഎസിനു ശേഷം ശ്രുതി പീഡിയാട്രീഷ്യനായി. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട മേഖലയിലാണ് ഡോ. നിക്കിന്റെ പിജി. ഭക്ഷണം കഴിക്കലല്ലോ പ്രധാനം കല്യാണം കഴിക്കേണ്ടേ എന്ന ചോദ്യമായി പിന്നീട്. സഫാരിക്കായി കെനിയയിൽ പോയപ്പോഴാണ് തങ്ങൾ ഒരുമിച്ചു ജീവിക്കുകയാണ് വേണ്ടതെന്നും വീട്ടുകാരെ അറിയിക്കണമെന്നും തീരുമാനിച്ചത്.

ഒരു മാപ്പ് കിട്ടുമോ ?
മുണ്ടൂരിന്റെ കഥാകാരൻ പരേതനായ മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ സഹോദര പുത്രിയാണ് ഡോ. ശ്രുതി. ശ്രുതിയുടെയും അമ്മ ഡോ.അനിതയുടെയുമെല്ലാം ബാല്യം മുണ്ടൂരുമായി ബന്ധപ്പെട്ട നല്ല ഓർമകളുടേതാണ്. വിവാഹ താത്പര്യം ശ്രുതിയും ഡോ.നിക്കും വീടുകളിൽ പറഞ്ഞു. റിട്ടർമെന്റിനു ശേഷം വായനയിൽ മുഴുകിയ ഒരു കുടുംബമായിരുന്നു നിക്കിന്റേത്. ശ്രുതിയുടെ വീട്ടുകാർ അവരോട് സംസാരിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ‘കേരളത്തിന്റെ മാപ്പ് (ഭൂപടം )’ വേണമെന്നായിരുന്നു. ഭൂപടം കിട്ടിയ അവർ ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമെല്ലാം കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. തങ്ങളുടെ മരുമകളാകാൻ പോകുന്നവൾ ആ നാട്ടിലെ പ്രശസ്ത സാഹിത്യകാരന്റെ കൊച്ചുമകളാണെന്നു കൂടി അറിഞ്ഞപ്പോൾ സന്തോഷമായി. കല്യാണത്തിനു ദിവസങ്ങൾക്കു മുൻപേ വന്ന അവർ ഇവിടുത്തെ രുചിയും കലയുമെല്ലാം ആസ്വദിച്ചു.

ഇപ്പോൾ കേരളമാകെ കറങ്ങുകയും ചെയ്യുന്നു. ഹണിമൂണിനു ശേഷം ശ്രുതി അമേരിക്കയിൽ തന്നെ തുടരും. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ഉന്നത പഠനം നടത്തുന്ന നിക്കിന് കെനിയയിൽ കുറച്ചുനാൾ തുടരേണ്ടതുണ്ട്. അല്ല,കേരളത്തിൽ മാത്രമേ കല്യാണാഘോഷം നടത്തുന്നുള്ളു എന്നു പലരും ചോദിക്കുന്നുണ്ട്. ജൂൺ മാസത്തിന്റെ നിക്കിന്റെ സുഹൃത്തുക്കളെല്ലാവരും ചേർന്ന് അവിടെ ഒരു ആഘോഷവും പ്ലാൻ ചെയ്യുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags