×

‘കുടിശ്ശിക അടയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ആക്രമിക്കാന്‍ റഷ്യയെ പിന്തുണയ്ക്കും’

google news
Trump-2024

ഹൂസ്റ്റൺ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്  നാറ്റോ അംഗങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന വിവാദമാകുന്നു. കുടിശ്ശിക അടയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ആക്രമിക്കാന്‍ റഷ്യയെ പിന്തുണയ്ക്കുമെന്നാണ്  ട്രംപ് പറഞ്ഞത്. സംസ്ഥാനത്തെ പ്രൈമറി തിരഞ്ഞെടുപ്പില്‍ സൗത്ത് കാരോലൈനയിലെ കോണ്‍വേയില്‍ നടന്ന  പ്രചാരണ റാലിയിലായിരുന്നു ട്രംപിന്‍റെ വിവാദ പരമാര്‍ശം. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നെ സഹായിക്കാനുള്ള യുഎസ് നേതൃത്വത്തിലുള്ള 31 അംഗ നാറ്റോ സഖ്യത്തിനെതിരേ ട്രംപ് പരസ്യമായി രംഗത്തുവന്നിരുന്നു. 

‘‘ഒരിക്കല്‍ 'ഒരു വലിയ രാജ്യ'ത്തിന്‍റെ പ്രസിഡന്‍റ് എഴുന്നേറ്റു നിന്ന് ചോദിച്ചു, 'ശരി, സര്‍, ഞങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍, റഷ്യ ഞങ്ങളെ ആക്രമിക്കുകയാണെങ്കില്‍, നിങ്ങള്‍ ഞങ്ങളെ സംരക്ഷിക്കുമോ?'' എന്ന്- 'ഞാന്‍ പറഞ്ഞു,' നിങ്ങള്‍ പണം നല്‍കിയില്ല, നിങ്ങള്‍ കൃത്യവിലോപം നടത്തിയവരാണ്. ഞാന്‍ നിങ്ങളെ സംരക്ഷിക്കില്ല. നിങ്ങള്‍ പണം നല്‍കണം. നിങ്ങള്‍ നിങ്ങളുടെ ബില്ലുകള്‍ അടയ്ക്കണം. അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കും.’’ എന്നിങ്ങനെ പോകുന്നു ട്രംപിന്‍റെ വിമര്‍ശനങ്ങള്‍. 

യുഎസിലെ പല രാഷ്ട്രീയ നിരീക്ഷകരും ട്രംപിന്‍റെ പരാമര്‍ശങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. നമ്മുടെ നാറ്റോ സഖ്യകക്ഷികളെ ആക്രമിക്കാന്‍ ട്രംപ് റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതുപോലെ തോന്നുന്നു,' എംഎസ്എന്‍ബിസി അനലിസ്റ്റും മദര്‍ ജോണ്‍സിന്‍റെ വാഷിങ്‌ടൻ ഡിസി ബ്യൂറോ ചീഫുമായ ഡേവിഡ് കോണ്‍ എക്സില്‍ പറഞ്ഞു. 

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ല് കോണ്‍ഗ്രസില്‍ പരാജയപ്പെട്ടതിനെയും ട്രംപ് പ്രശംസിച്ചു. നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍ ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ബില്‍ പരാജയപ്പെടുകയായിരുന്നു. 2024ല്‍ താന്‍ വിജയിച്ചാല്‍, അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ ' നാടുകടത്തല്‍ പ്രവര്‍ത്തനം' ആരംഭിക്കുമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം. വിവിധ കോടതികളിലായി 90 ലധികം ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ബൈഡനെതിരെയുള്ള പോരാട്ടത്തിൽ ട്രംപ് മികച്ച പ്രകടനമാണ് നടത്തുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags