ചാനൽ ഷോയിൽ ഗിത്താർ വായിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന ഈ താരം മുൻപ് തന്റെ മൂളിപ്പറക്കുന്ന പന്തുകൾ കൊണ്ട് ബാറ്റർമാരെ വിറപ്പിച്ചിരുന്നയാളാണ്; വെസ്റ്റിൻഡീസ് മുൻ പേസ് ബോളർ കേർട്‌ലി ആംബ്രോസ്! കഴിഞ്ഞ ദിവസം ഗാബ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് ഓസ്ട്രേലിയയ്ക്കെതിരെ ചരിത്രജയം നേടിയപ്പോൾ കമന്ററികളിൽ നിറഞ്ഞത് 27 വർഷം മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ വിൻഡീസ് ഇതിനു മുൻപ് നേടിയ ജയമാണ്.
Read also: രാഹുലും ജഡേജയും പരുക്കേറ്റു പുറത്ത്, രണ്ടാം ടെസ്റ്റിനില്ല
പെർത്തിലെ ആ 10 വിക്കറ്റ് വിജയത്തിന്റ ശിൽപിയായിരുന്നു ആംബ്രോസ്. വിൻഡീസിന്റെ ഒന്നാം ഇന്നിങ്സിൽ ബ്രയൻ ലാറ ഉജ്വല സെഞ്ചറി നേടിയെങ്കിലും രണ്ട് ഇന്നിങ്സിലുമായി 7 വിക്കറ്റ് വീഴ്ത്തിയ ആംബ്രോസായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. ആംബ്രോസും കോട്നി വാൽഷും അടങ്ങുന്ന പേസ് കൂട്ടുകെട്ടായിരുന്നു അക്കാലത്ത് വിൻഡീസ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്.
തന്റെ ഉയരം കൊണ്ടും (2.01 മീറ്റർ) കളിക്കളത്തിൽ ശ്രദ്ധയാകർഷിച്ചിരുന്ന ആംബ്രോസ് വിരമിച്ചതിനു ശേഷം ക്രിക്കറ്റ് കോച്ചിങ്ങിനൊപ്പം സംഗീതത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. സ്പിരിറ്റഡ് എന്ന ബാൻഡിലെ ബാസ് ഗിത്താറിസ്റ്റ് ആയ അറുപതുകാരൻ ആംബ്രോസ് ‘ഡാൻസിങ് വിത്ത് ദ് സ്റ്റാർസ്’ എന്ന ഡാൻസ് ഷോയിലും പങ്കെടുത്തു. ആന്റിഗ്വയിൽ താമസിക്കുന്ന ആംബ്രോസിനും ഭാര്യ ബ്രിജിത്തിനും ഒരു ദത്തുപുത്രി ഉൾപ്പെടെ 5 പെൺമക്കളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു