വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് അപൂർവ റെക്കോഡ്. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച അശ്വിൻ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 23 ടെസ്റ്റിൽ 95 വിക്കറ്റെടുത്ത സ്പിന്നർ ബി.എസ് ചന്ദ്രശേഖറിനെയാണ് അശ്വിൻ 21ാം ടെസ്റ്റിൽ മറികടന്നത്.
ആദ്യ ഇന്നിങ്സിൽ വിക്കറ്റൊന്നും നേടാനാവാതിരുന്ന താരം ബെൻ ഡക്കറ്റിനെ പുറത്താക്കി രണ്ടാം ഇന്നിങ്സിലെ വിക്കറ്റ് വേട്ടക്ക് തുടക്കമിടുകയും റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. തുടർന്ന് ഒലീ പോപിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിലെത്തിച്ചതോടെ പുതിയ നേട്ടത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. ജോ റൂട്ടിനെ കൂടി പുറത്താക്കി വിക്കറ്റ് നേട്ടം 97ലെത്തിക്കാനുമായി. അനിൽ കുംെബ്ല (92), ബിഷൻ സിങ് ബേദി, കപിൽ ദേവ് (85 വീതം), ഇഷാന്ത് ശർമ (67) എന്നിവരാണ് ഇംഗ്ലണ്ടിനെതിരെ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാർ. ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമെന്ന റെക്കോഡ് വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സന്റെ പേരിലാണ്. 36 ടെസ്റ്റിൽ 144 വിക്കറ്റാണ് താരം എറിഞ്ഞിട്ടത്.
Read also: രഞ്ജി ട്രോഫി: കേരള -ഛത്തീസ്ഗഢ് മത്സരം സമനിലയില്‍
അതേസമയം, ടെസ്റ്റിൽ 500 വിക്കറ്റ് നേട്ടത്തിലെത്താനുള്ള അവസരം അശ്വിന് തലനാരിഴക്ക് നഷ്ടമായി. ഒരു വിക്കറ്റ് കൂടി നേടിയിരുന്നെങ്കിൽ ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ബൗളറാകാൻ ഇന്ത്യൻ താരത്തിനാകുമായിരുന്നു. 133 ടെസ്റ്റിൽ 800 വിക്കറ്റ് നേടിയ ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. ഷെയിൻ വോൺ (707), ജെയിംസ് ആൻഡേഴ്സൺ (695), അനിൽ കുംെബ്ല (619), സ്റ്റുവർട്ട് ബ്രോഡ് (604), െഗ്ലൻ മക്ഗ്രാത്ത് (563), കോർട്നി വാൽഷ് (519), നഥാൻ ലിയോൺ (517), എന്നിവരാണ് അശ്വിന് മുമ്പിലുള്ളത്. ഇതിൽ അനിൽ കുംെബ്ല മാത്രമാണ് അശ്വിന് മുമ്പിലുള്ള ഇന്ത്യക്കാരൻ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 106 റൺസിനാണ് ജയിച്ചുകയറിയത്. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദർശകർ 292 റൺസിന് പുറത്താവുകയായിരുന്നു. 73 റൺസെടുത്ത ഓപണർ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്ത മത്സരത്തിൽ ബുംറയും അശ്വിനും മൂന്നുപേരെ വീതം മടക്കിയപ്പോൾ മുകേഷ് കുമാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റെടുത്തു.
Read also: ഇംഗ്ലീഷുകാരെ എറിഞ്ഞിട്ട് ബുംറയും അശ്വിനും; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് ജയം
ആദ്യ ഇന്നിങ്സിൽ ഓപണർ യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ച്വറിയുടെ (209) കരുത്തിൽ നേടിയ 143 റൺസിന്റെ ലീഡാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 396 റൺസെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നേടാനായത് 255 റൺസാണ്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയുണ്ടായിട്ടും ഇന്ത്യ 253 റൺസിന് പുറത്തായി. ഇതോടെയാണ് സന്ദർശകരുടെ വിജയലക്ഷ്യം 399 റൺസായി നിശ്ചയിക്കപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ