ദോഹ: അവസാനമില്ലാത്ത ഇസ്രായേൽ ആക്രമണം തീർക്കുന്ന വേദനകൾക്കിടയിൽ ഫലസ്തീനികൾക്ക് ആഘോഷിക്കാൻ കാൽപന്തുമൈതാനിയിൽ നിന്നും വലിയ സമ്മാനമൊരുക്കി ദേശീയ ഫുട്ബാൾ ടീം. ഏഷ്യൻ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തരിപ്പണമാക്കിയ ഫലസ്തീൻ തകർപ്പൻ ജയവുമായി ഏഷ്യൻ കപ്പിന്റെ പ്രീക്വാർട്ടർ ബർത്തുറപ്പിച്ചു.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉദയ് ദബ്ബാഗിന്റെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു ഫലസ്തീന്റെ മിന്നും ജയം. കളിയുടെ 12, 60 മിനിറ്റിൽ ദബ്ബാലും, 48ാം മിനിറ്റിൽ സൈദ് ഖുൻബറും സ്കോർ ചെയ്തപ്പോൾ വൻകരയുടെ ചാമ്പ്യൻഷിപ്പിലെ ഏറ്റവും തിളക്കുമുള്ള ഗോളായി മാറി.
Read also: ആസ്ട്രേലിയൻ ഓപൺ: ദ്യോകോ, സിന്നർ, ഗോഫ്, സബലങ്ക സെമിയിൽ
ഒരോ ജയവും സമനിലയുമായി ഫലസ്തീന് നാല് പോയന്റാണുള്ളത്. എന്നാൽ, ഗോൾ വ്യത്യാസത്തിൽ തലനാരിഴ വ്യത്യാസത്തിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനം നഷ്ടമായവർ, മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒന്നാമനായി തന്നെ പ്രീക്വാർട്ടർ ടിക്കറ്റുറപ്പിച്ചു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം നൂറ് ദിവസം പിന്നിടുകയും മരണം കാൽ ലക്ഷം കവിയുകയും ചെയ്യുന്നതിനിടെ ഏഷ്യൻ കപ്പിൽ ബൂട്ടുകെട്ടിയിറങ്ങിയ ഫലസ്തീന് വലിയ പിന്തുണയാണ് ആരാധകരിൽ നിന്നുള്ളത്. താരങ്ങളിൽ പലരുടെയും ബന്ധുക്കളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതും വാർത്തയായിരുന്നു.
ഗ്രൂപ്പ് ‘സി’യിൽ ഇറാനും (ഒമ്പത് പോയന്റ്), യു.എ.ഇക്കും (4) പിറകിലാണ് ഫലസ്തീൻ. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ ഇറാൻ 2-1ന് യു.എ.ഇയെ തോൽപിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ