കോണ്‍വേ-ഗെയ്ക്വാദ് വെടിക്കെട്ട്; ചെന്നൈക്ക് കൂറ്റന്‍ സ്കോർ

google news
chenni

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 223 റണ്‍സെടുത്തു.

ടോസ് വിജയിച്ച് ബാറ്റിങ് ആരംഭിച്ച ചെന്നൈ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ജയത്തോടെ പ്ലേ ഓഫ് സീല്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അരുണ്‍ ജയറ്റ്‍ലി സ്റ്റേഡിയത്തിലിറങ്ങിയത്. ചെന്നൈക്കായി മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഗെയ്ക്വാദും കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 141 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പെടെ 79 റണ്‍സെടുത്ത ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. ഗെയ്ക്വാദിന് പിന്നാലെയെത്തിയ ശിവ ദുബെയും(9 പന്തില്‍ 22 റണ്‍സ്) അതേ മൊമന്‍റം തുടര്‍ന്നതോടെ ചെന്നൈ സ്കോര്‍ കുതിച്ചു.

എന്നാല്‍ ദുബെയെയും ഓപ്പണര്‍ കോണ്‍വെയെയും ചെന്നൈക്ക് ഒരേ സ്കോറില്‍ വെച്ച് നഷ്ടമായി. ഖലീല്‍ അഹമ്മദിനെ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ ദുബെ ബൌണ്ടറിയില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. അതേ സ്കോറില്‍ത്തന്നെ കോണ്‍വേയെയും ചെന്നൈക്ക് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിച്ച കോണ്‍വേയും ബിഗ് ഹിറ്റിന് ശ്രമിച്ചാണ് പുറത്തായത്. 52 പന്തില്‍ മൂന്ന് സിക്സറും 11 ബൌണ്ടറിയുമുള്‍പ്പെടെ 87 റണ്‍സെടുത്താണ് കോണ്‍വേ മടങ്ങിയത്.

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്ത് നാലാമനായി ധോണി ക്രീസിലെത്തിയെങ്കിലും ആരാധകരെ തൃപ്തപ്പെടുത്താനുള്ള വമ്പന്‍ അടികളൊന്നും 'തല'യുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. അഞ്ചാം നമ്പരിലെത്തിയ ജഡേജയാണ് ചെന്നൈ സ്കോര്‍ അവസാന ഓവറുകളില്‍ ഉയര്‍ത്തിയത്. ഏഴ് പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ ജഡേജ 20 റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ അഞ്ച് റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു.

Tags