സ്പാനിഷ് കോപ ഡെൽ റേയിൽ റയൽ മാഡ്രിഡിന് മടക്ക ടിക്കറ്റ് നൽകി അത്‍ലറ്റികോ മാഡ്രിഡ്. അധിക സമയത്തേക്ക് നീണ്ട പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു അത്‍ലറ്റികോയുടെ ജയം. നിശ്ചിത സമയത്ത് ഇരുനിരയും രണ്ട് ഗോൾ വീതമടിച്ചതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. സാമുവൽ ലിനോ, അൽവാരോ മൊറാട്ട, അന്റോയിൻ ഗ്രീസ്മാൻ, റോഡ്രിഗോ റിക്വൽമെ എന്നിവർ അത്‍ലറ്റികോക്കായി വലകുലുക്കിയപ്പോൾ ജാൻ ഒബ്ലാക്കിന്റെ ഓൺഗോളും ജൊസേലുവിന്റെ ഗോളുമാണ് റയലിന്റെ തോൽവിഭാരം കുറച്ചത്.
നിർണായക മത്സരത്തിൽ പന്തടക്കത്തിൽ റയൽ ഒരുപടി മുന്നിൽനിന്നെങ്കിലും അവസരമൊരുക്കുന്നതിൽ അത്‍ലറ്റികോയാണ് മികച്ചുനിന്നത്. 12 ഷോട്ടുകളാണ് അവർ റയൽ വലക്ക് നേരെ തൊടുത്തുവിട്ടതെങ്കിൽ മറുപടി ഏഴിലൊതുങ്ങി. 11ാം മിനിറ്റിൽ റയൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിനാണ് ആദ്യ സുവർണാവസരം ലഭിച്ചത്. മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ച് ബെല്ലിങ്ഹാം പായിച്ച ഉശിരൻ ഷോട്ട് പക്ഷെ ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. 20ാം മിനിറ്റിൽ അത്‍ലറ്റികോ ഗോൾമുഖത്ത് റയൽ അവസരപ്പെരുമഴ തീർത്തു. എന്നാൽ, അത്‍ലറ്റികോ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്റെ മിന്നും സേവുകൾക്ക് മുമ്പിൽ എല്ലാം നിഷ്പ്രഭമായി.
Read also:തകർപ്പൻ വിജയം സ്വന്തമാക്കി സച്ചിനും സംഘവും
ആദ്യം റോഡ്രിഗോയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ പന്തെത്തിയത് വിനീഷ്യസിന്റെ കാലിൽ. താരത്തിന്റെ ഷോട്ടും ഗോൾകീപ്പർ മനോഹരമായി തട്ടിത്തെറിപ്പിച്ചു. വീണ്ടും പന്ത് പിടിച്ചെടുത്ത വിനീഷ്യസ് ബോക്സിലേക്ക് ക്രോസ് ചെയ്തെങ്കിലും ബെല്ലിങ്ഹാമിന് ഫിനിഷ് ചെയ്യാനായില്ല. വൈകാതെ അൽവാരോ മൊറാട്ടയുടെ ബൈസിക്കിൾ കിക്ക് റയൽ ഗോൾകീപ്പർ ലുനിൻ അനായാസം കൈയിലൊതുക്കി.
39ാം മിനിറ്റിൽ അത്‍ലറ്റികോ അക്കൗണ്ട് തുറന്നു. റയൽ ബോക്സിലേക്ക് പറന്നിറങ്ങിയ ക്രോസ് റൂഡ്രിഗർ ഹെഡ് ചെയ്തകറ്റിയെങ്കിലും ഡയസ് ലിനോ ചാടിവീണ് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. എന്നാൽ, ആദ്യപകുതി അവസാനിക്കാനിരിക്കെ റയൽ തിരിച്ചടിച്ചു. ലൂക മോഡ്രിച് എടുത്ത ഫ്രീകിക്ക് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ അത്‍ലറ്റികോ ഗോൾകീപ്പർ ഒബ്ലാക്കിന്റെ കൈയിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു.
57ാം മിനിറ്റിൽ അത്‍ലറ്റികോ വീണ്ടും ലീഡ് നേടി. ബോക്സിലേക്ക് തട്ടിത്തിരിഞ്ഞെത്തിയ പന്ത് ലുനിൻ കുത്തിയകറ്റിയപ്പോൾ റൂഡ്രിഗറുടെ കാലിൽ തട്ടി അൽവാരൊ മൊറാട്ടയിലെത്തി. താരം അനായാസം പന്ത് പോസ്റ്റിനുള്ളിലാക്കി. 80ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ഗോൾ നേടാൻ മൊറാട്ടക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
82ാം മിനിറ്റിൽ റയലിന്റെ സമനില ഗോളെത്തി. വിനീഷ്യസിൽനിന്ന് ലഭിച്ച പന്ത് ജൂഡ് ബെല്ലിങ്ഹാം ബോക്സിലേക്ക് ക്രോസ് ചെയ്തപ്പോൾ ജൊസേലു തകർപ്പൻ ഡൈവിങ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ പത്താം മിനിറ്റിൽ അത്‍ലറ്റികോ ലീഡ് പിടിച്ചു. വലതുവിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഗ്രീസ്മാന്റെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് റയൽ ഗോൾകീപ്പർക്ക് ഒരവസരവും നൽകിയില്ല. കളി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ മെംഫിസ് ഡിപെ നൽകിയ പാസ് പോസ്റ്റിലെത്തിച്ച് റോഡ്രിഗോ റിക്വൽമെ പട്ടിക പൂർത്തിയാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു