കറാച്ചി: ആറു പതിറ്റാണ്ടിനുശേഷം പാക് മണ്ണിലെത്തിയ ഇന്ത്യൻ ടെന്നിസ് ടീം ആതിഥേയരെ നിലംപരിശാക്കി ഡേവിസ് കപ്പ് ലോക ഗ്രൂപ്പിൽ. പുതുമുറക്കാർ റാക്കറ്റേന്തിയ ആവേശപ്പോരിൽ ഏകപക്ഷീയമായ 4-0ന് കളി ജയിച്ചാണ് വമ്പൻ പോരിലേക്ക് ടിക്കറ്റെടുത്തത്. എട്ടു കളികളിൽ എട്ടും ജയിച്ച ലോക ഗ്രൂപ് ഒന്നിലേക്ക് സ്ഥാനക്കയറ്റം നേടിയ ടീമിന് അടുത്ത സെപ്റ്റംബറിലാണ് വമ്പന്മാരുമായി വലിയ പോരാട്ടങ്ങൾ. പാകിസ്താൻ ഗ്രൂപ് രണ്ടിൽ തുടരും.
കളിയെക്കാൾ സുരക്ഷ വിഷയമായ മത്സരത്തിൽ ടീമിന് വൻസുരക്ഷയൊരുക്കിയാണ് പാക് സംഘാടകർ കളി നിയന്ത്രിച്ചത്. ആദ്യ ദിനത്തിൽ രാം കുമാർ രാമനാഥനും എൻ. ശ്രീറാം ബാലാജിയും ഒറ്റക്ക് മത്സരങ്ങൾ ജയിച്ച് 2-0ന് ലീഡ് നൽകിയിരുന്ന കളിയിൽ ഞായറാഴ്ച യുകി ഭാംബ്രി- സാകേത് മെയ്നേനി സഖ്യം ആദ്യം ഡബ്ൾസ് ജയിച്ചതോടെ ഇന്ത്യ ലോക ഗ്രൂപ്പിൽ ഇടമുറപ്പിച്ചിരുന്നു.
Read also: ലൈഫ് ലൈൻ; മകനെ നെഞ്ചോട് ചേർത്ത് സാനിയ മിർസ; സമൂഹ മാധ്യമങ്ങളിൽ പിന്തുണയുമായി ആരാധകർ
പാക് ജോടികളായ മുസമ്മിൽ മുർതസ- അഖീൽ ഖാൻ എന്നിവരെ 6-2 7-6(5)നാണ് ടീം തുരത്തിയത്. വെറുതെ ജയിക്കാനിറങ്ങിയ നികി പൂനാച്ച അവസാന മത്സരത്തിലും ജയിച്ചതോടെ പാക് മോഹങ്ങൾ പൂർണമായി അവസാനിപ്പിച്ച് ഇന്ത്യക്ക് ഗംഭീര മടക്കമായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ