പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ കാലിടറി ഇന്ത്യ ; 2003, 2023 അന്നും ഇന്നും ഓസീസ്

google news
win

chungath new advt

അഹമ്മദാബാദ്:  ഒരു കളിയും തോല്‍ക്കാതെ പത്തരമാറ്റ് ജയത്തോടെ മുന്നേറിയിട്ടും ഫൈനലില്‍ വീണുപോയി. ആര്‍ത്തലയ്ക്കുന്ന കാണികളും 140 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറാം ലോകകപ്പുമായി കങ്കാരുക്കള്‍ മടങ്ങുമ്പോള്‍ ഓസീസിനെതിരെ രണ്ട് ഫൈനലിലും തോറ്റ നിരാശയില്‍ ഇന്ത്യ. 2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് കണ്ണീര്‍.  13-ാം ലോകകപ്പും. ഇന്ത്യയുടെ സ്വന്തം മണ്ണില്‍ നടന്ന ഫൈനലില്‍ 10 തുടര്‍ ജയങ്ങളുമായി എത്തിയ കരുത്തരായ ഇന്ത്യയെ നിഷ്പ്രഭരാക്കിയായിരുന്നു ഓസീസിന്റെ കിരീടധാരണം.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ് ഇന്ത്യ കണ്ണീരണിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ വില്ലനായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു.

ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചു എന്നത് മാത്രമായിരുന്നു 240 റണ്‍സ് പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് സാധിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ട്രാവിസ് ഹെഡ് - മാര്‍നസ് ലബുഷെയ്ന്‍ സഖ്യം മത്സരവും കിരീടവും ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റര്‍മാര്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ സെഞ്ചുറി നേടിയ ഹെഡും അര്‍ധ സെഞ്ചുറി നേടിയ ലബുഷെയ്‌നും ചേര്‍ന്ന് ബാറ്റിങ് വിരുന്ന് തന്നെ കാഴ്ചവെച്ചു.

തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലില്‍ ആറാം കിരീടവുമായാണ് പാറ്റ് കമ്മിന്‍സും സംഘവും മടങ്ങുന്നത്. ക്രിക്കറ്റിലെ ഓസട്രേലിയനിസത്തിന് മറ്റൊരു ഉദാഹരണം കൂടി. 2003-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണം ഇന്ത്യയ്ക്ക് ഒരിക്കല്‍ കൂടി ഒരു തോല്‍വി. ഇന്ത്യന്‍ ആരാധകര്‍ക്ക് തങ്ങളുടെ മനസില്‍ നിന്ന് ഇന്നും മായ്ച്ചുകളയാന്‍ സാധിക്കാത്ത നീറുന്ന ഓര്‍മകളിലൊന്നാണ് 2003 മാര്‍ച്ച് 23-ാം തീയതി ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആ ഫൈനല്‍. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും യുവരാജ് സിങ്ങും സഹീര്‍ ഖാനും ശ്രീനാഥുമെല്ലാം അടങ്ങിയ അന്നത്തെ ടീം ഫൈനലില്‍ ഓസീസിനെ കീഴടക്കി കിരീടവുമായി മടങ്ങുമെന്ന് തന്നെ ഇന്ത്യന്‍ ആരാധകര്‍ കരുതി. ടൂര്‍ണമെന്റിലുടനീളം സച്ചിന്‍ കാഴ്ചവെച്ച മിന്നുന്ന ബാറ്റിങ് ഫോം തന്നെയായിരുന്നു ആ പ്രതീക്ഷകള്‍ക്ക് പിന്നില്‍. എന്നാല്‍ എല്ലാ പ്രതീക്ഷകളും അന്നത്തെ ആ മൈറ്റി ഓസീസ് തല്ലിക്കെടുത്തി.

ടോസിന്റെ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് മത്സരത്തില്‍ ഓസീസിനെതിരേ ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 125 റണ്‍സിന് ഓള്‍ഔട്ടായി ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. ആ തോല്‍വിയുടെ ഓര്‍മ മനസിലേക്ക് വന്നിട്ടോ മറ്റോ, ഫൈനലില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനയച്ചു. ആ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ ഓവറുകളില്‍ തന്നെ ഓസീസ് ബാറ്റര്‍മാര്‍ ഇന്ത്യയ്ക്ക് മനസിലാക്കിക്കൊടുത്തു. അന്നത്തെ മികച്ച ഓപ്പണിങ് ജോഡിയായിരുന്ന ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ സഖ്യം 14 ഓവറില്‍ അടിച്ചുകൂട്ടിയത് 105 റണ്‍സ്. അപ്പോള്‍ തന്നെ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്നും പോയിരുന്നു. ഗില്ലി 48 പന്തില്‍ നിന്ന് 57 റണ്‍സെടുത്തും ഹെയ്ഡന്‍ 54 പന്തില്‍ നിന്ന് 37 റണ്‍സെടുത്തും പുറത്തായ ശേഷമായിരുന്നു ഓസീസ് തങ്ങളുടെ തനി നിറം പുറത്തെടുത്തത്. ഇന്ത്യയ്‌ക്കെതിരേ എന്നും തിളങ്ങാറുളള ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്, നാലാമന്‍ ഡാമിയന്‍ മാര്‍ട്ടിനെ കൂട്ടുപിടിച്ച് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത് 234 റണ്‍സ്. സെഞ്ചുറി നേടിയ പോണ്ടിങ് 121 പന്തില്‍ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയില്‍ നേടിയത് 140 റണ്‍സ്. മാര്‍ട്ടിന്‍ 84 പന്തില്‍ നിന്ന് നേടിയത് 88 റണ്‍സും. 50 ഓവര്‍ അവസാനിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് സ്‌കോര്‍ബോര്‍ഡിലെത്തിയത് 359 റണ്‍സ്.

ഓസീസ് സ്‌കോര്‍ 300 കടന്നപ്പോള്‍ തന്നെ ഇന്ത്യയുടെ പരാജയം പേടിച്ചിരുന്ന ആരാധകര്‍ കണ്ടത് ആദ്യ ഓവറില്‍ തന്നെ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സച്ചിന്റെ പുറത്താകലായിരുന്നു. മഗ്രാത്തിനെതിരേ ഒരു ബൗണ്ടറിയോടെ തുടങ്ങിയ സച്ചിന് പക്ഷേ അഞ്ചാം പന്തില്‍ പിഴച്ചു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് മഗ്രാത്ത് കൈക്കലാക്കുമ്പോള്‍ ഗാലറിയില്‍ ഓസീസ് ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ തങ്ങളെ തല്ലിത്തകര്‍ത്ത അയാള്‍ക്ക് മാത്രമേ ഇത്ര വലയൊരു വിജയലക്ഷ്യത്തിലേക്ക് പൊരുതി നോക്കാന്‍ സാധിക്കൂ എന്നത് അവര്‍ക്കറിയാമായിരുന്നു. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായി. വീരേന്ദര്‍ സെവാഗിന്റെ 82 റണ്‍സ് ഇന്നിങ്സും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. എന്നിട്ടും തോറ്റത് 125 റണ്‍സിന്.

ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ഓസീസിനെ പോലെ ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീമില്ല. 1975, 1987, 1996, 1999, 2003, 2007, 2015 ഇപ്പോള്‍ 2023-ലേത് അവരുടെ എട്ടാം ലോകകപ്പ് ഫൈനലായിരുന്നു. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ടീം ഒടുവിലിതാ 2023-ലും കിരീടവുമായി മടങ്ങുന്നു. അന്ന് പോണ്ടിങ്ങും സംഘവുമായിരുന്നു ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയതെങ്കില്‍ ഇത്തവണ പാറ്റ് കമ്മിന്‍സും സംഘവും ആ ചടങ്ങ് പൂര്‍ത്തിയാക്കി. 1983, 2003, 2011 വര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇത്തവണ നാലാം ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് രണ്ടാം ഫൈനല്‍ തോല്‍വി.

2003 ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നില്‍ ഒരു ഇന്ത്യന്‍ താരമായിരുന്നു. 11 കളികളില്‍ നിന്ന് 673 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്ന് അദ്ദേഹം ടൂര്‍ണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു ഇന്ത്യന്‍ താരം. വിരാട് കോലി. അന്ന് ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും കിരീടം ലഭിക്കാത്ത നിരാശയിലിരുന്ന സച്ചിനെ പോലെ ഇത്തവണ കോലിയും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു