×

ആവേശപോരാട്ടം...കൈവിട്ട കളി തിരിച്ചുപിടിച്ച് ഇന്ത്യ; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

google news
sd
ബെനോനി: അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 


ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു ഇന്ത്യ. നാലിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു ടീം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു. പ്രിയാന്‍ഷു മോളിയയാവട്ടെ (5) വിക്കറ്റ് കീപ്പര്‍ക്കാണ് ക്യാച്ച് നല്‍കിയത്. 11.2 ഓവറില്‍ 32 റണ്‍സിനിടെ നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു.  
 
പക്ഷേ, പിന്നീടായിരുന്നു യഥാര്‍ഥ കളി. ക്യാപ്റ്റന്‍ ഉദയ് സാഹറനും സച്ചിന്‍ ദാസും നിലയുറപ്പിച്ചുള്ള പോരാട്ടം തന്നെ നടത്തി. സച്ചിന്‍ കുറെക്കൂടി ആക്രമണ സ്വഭാവം കാണിച്ചെങ്കില്‍ ഉദയ് നിലയുറപ്പിച്ചുകൊണ്ടാണ് നീങ്ങിയത്. ഫലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കാനാകാതെ വന്നു. ഒരു സിക്‌സും 11 ഫോറും നിറഞ്ഞതായിരുന്നു സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സ്. അഞ്ച് ഫോറുകള്‍ അടങ്ങിയതാണ് ഉദയ് സാഹറന്റെ പ്രകടനം. വിക്കറ്റ് കീപ്പര്‍ ആരവല്ലി അവിനാഷ് 10 റണ്‍സെടുത്തു.രാജ് ലിംബാനി എട്ട് റണ്‍സോടെ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്വെന മഫാകയും ട്രിസ്റ്റന്‍ ലൂസും മൂന്നു വീതം വിക്കറ്റുകള്‍ നേടി.
 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഇന്ത്യക്കു മുന്നില്‍ 245 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ഹുവാന്‍ ഡ്രെ പ്രിറ്റോറിയസിന്റെയും റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെയുടെയും ബാറ്റിങ് മികവാണ് ദക്ഷിണാഫ്രിക്കയ്ക്ക് 200-ന് മുകളില്‍ സ്‌കോര്‍ സമ്മാനിച്ചത്.

102 പന്തില്‍ 76 റണ്‍സാണ് ഹുവാന്‍ ഡ്രെ പ്രിറ്റോറിയസ് നേടിയത്. 100 പന്തുകള്‍ നേരിട്ട് സെലെറ്റ്‌സ്വാനെ 64 റണ്‍സും നേടി. ക്യാപ്റ്റന്‍ ജുവാന്‍ ജെയിംസ് (24), ട്രിസ്റ്റന്‍ ലൂസ് (23*), ഒലിവര്‍ വൈറ്റ്‌ഹെഡ് (22), സ്റ്റീവ് സ്‌റ്റോക്ക് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. റിലീ നോര്‍ട്ടണ്‍ (7*)ഡേവിഡ് ടീനേജര്‍ (പൂജ്യം), ദിവാന്‍ മറൈസ് (3) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ഇന്ത്യക്കുവേണ്ടി രാജ് ലിംബാനി, ഒന്‍പത് ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പത്ത് ഓവറില്‍ 43 റണ്‍സ് വഴങ്ങി മുഷീര്‍ ഖാന്‍ രണ്ടും നമന്‍ തിവാരി സൗമി പാണ്ഡി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക