ഐപിഎല്‍: പ്രതീക്ഷ ഈ ടീമുകൾക്ക്; പ്ലേ ഓഫ് സാധ്യതകള്‍

google news
ipl

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തില്ലെന്ന് ആദ്യമായി ഉറപ്പിച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പോകുന്ന പോക്കില്‍ അവര്‍ പഞ്ചാബ് കിങ്‌സിന്റെ സാധ്യതകളുടെ കടയ്ക്കല്‍ കത്തിയും വച്ചു. ഡല്‍ഹിയോട് 15 റണ്‍സിന്റെ തോല്‍വി വഴങ്ങിയ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത ഏതാണ്ട് അവസനിപ്പിച്ചാണ് ഡല്‍ഹി ഗ്രൗണ്ട് വിട്ടത്. ഒരു മത്സരം മാത്രമാണ് ഇനി പഞ്ചാബിനുള്ളത്. ഈ മത്സരം ജയിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കില്ല. മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകമാണ്. അവരുടെ ചാന്‍സ് കടലാസിലെ കണക്കില്‍ മാത്രമെന്ന് ചുരുക്കം.

പഞ്ചാബിന്റെ തോല്‍വി ഫലത്തില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്. ഈ മൂന്ന് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കാണ് പഞ്ചാബിന്റെ തോല്‍വി കൂടുതല്‍ ഇന്ധനമാകുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അവസാന പോരാട്ടം. 15 പോയിന്റുകളുമായി രണ്ടാമത് നില്‍ക്കുന്ന അവര്‍ക്ക് ഈ മത്സരം ജയിച്ചാല്‍ പ്ലേ ഓഫിലേക്ക് അനായാസം മുന്നേറാം. ഇനി ഈ മത്സരം തോറ്റാലും മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളില്‍ ഒരാള്‍ അടുത്ത മത്സരം തോറ്റാല്‍ ചെന്നൈക്ക് മുന്നേറാം. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: 15 പോയിന്റുകളുമായി മൂന്നാമത് നില്‍ക്കുന്ന ലഖ്‌നൗ ടീമും പ്ലേ ഓഫിന് അരികിലാണ്. സിഎസ്‌കെയ്ക്ക് സമാനമാണ് അവരുടേയും നില. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് അവരുടെ അവസാന പോരാട്ടം. ഇതില്‍ ജയിച്ചാല്‍ ലഖ്‌നൗ അടുത്ത ഘട്ടം ഉറപ്പിക്കും. തോറ്റാല്‍ ചെന്നൈക്ക് സമാനമായി മുംബൈ, ബാംഗ്ലൂര്‍ ടീമുകളില്‍ ഒന്നിന്റെ പരാജയം ലഖ്‌നൗവിന്റെ വിധി അനുകൂലമാക്കും. 

മുംബൈ ഇന്ത്യന്‍സ്: പ്ലേ ഓഫ് ഉറപ്പിക്കാന്‍ രോഹിതിനും സംഘത്തിനും അടുത്ത മത്സരത്തില്‍ വിജയം അനിവാര്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ വിജയിക്കുകയും ആര്‍സിബി തങ്ങളുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഒന്നു പരാജയപ്പെടുകയും ചെയ്താല്‍ മുംബൈ പ്ലേ ഓഫിലെത്തും. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ മുംബൈക്ക് മുകളിലാണ് അവരുടെ സ്ഥാനം എന്നതും ആര്‍സിബിക്ക് ജീവശ്വാസം നല്‍കുന്നു. ആര്‍സിബി രണ്ടില്‍ ഒരെണ്ണം തോറ്റാല്‍ ചെന്നൈ, ലഖ്‌നൗ ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. രണ്ടില്‍ ഒരു ജയം ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത കൊല്‍ക്കത്ത, രാജസ്ഥാന്‍, മുംബൈ ടീമുകളുടെ ഫലം ആശ്രയിച്ചായിരിക്കും പിന്നീട് നിര്‍ണയിക്കപ്പെടുക.

രാജസ്ഥാന്‍ റോയല്‍സ്: രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ അവസാന മത്സരത്തില്‍ പാഞ്ചാബിനെതിരെ വലിയ മാര്‍ജിനില്‍ വിജയം അനിവാര്യം. മാത്രമല്ല മുംബൈ ഹൈദരാബാദിനോടും കൊല്‍ക്കത്ത ലഖ്‌നൗവിനോടും തോല്‍ക്കുകയും വേണം. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: വലിയ മാര്‍ജിനില്‍ ലഖ്‌നൗവിനെ തോല്‍പ്പിച്ചാല്‍ മാത്രം കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. അപ്പോഴും പ്രതീക്ഷ മാത്രമേ നില്‍ക്കുന്നുള്ളു. പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ, ആര്‍സിബി ടീമുകള്‍ അവരുടെ അടുത്ത മത്സരങ്ങള്‍ തോല്‍ക്കണം. അവിടെയും തീരില്ല. പഞ്ചാബ്- രാജസ്ഥാന്‍ പോരിലെ ഫലവും അവര്‍ നോക്കണം. മുകളില്‍ പറഞ്ഞ ഫലങ്ങള്‍ അനുകൂലമാകുകയും മത്സരത്തില്‍ ചെറിയ മാര്‍ജിനില്‍ പഞ്ചാബ് ജയിക്കുകയും ചെയ്താല്‍ കൊല്‍ക്കത്തയ്ക്ക് മുന്നേറാം.

Tags