സ്വന്തം തട്ടകത്തിൽ സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഒഡിഷക്കെതിരെ ഒരു ഗോളിന്റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി പൂർത്തിയാക്കിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുമായി ഒഡിഷ എഫ്.സി ഗംഭീരമായി തിരിച്ചെത്തുകയായിരുന്നു. ഒഡിഷയുടെ സ്ട്രൈക്കർ റോയ് കൃഷ്ണ ഇരട്ടഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡമന്റകോസാണ് ഒരു ഗോൾ നേടിയത്.
കലിംഗ സൂപ്പർ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ കടം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് റണ്ണറപ്പായ ആതിഥേയരെ ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്. 11ാം മിനിറ്റിൽ തന്നെ ഗോൾ നേടി ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബോക്സിനകത്ത് നിന്നും നിഹാൽ സുദീഷ് നൽകിയ പാസിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ് കേരളത്തെ മുന്നിലെത്തിച്ചത്. ഐ.എസ്.എൽ ഈ സീസണിൽ ദിമിത്രിയോസ് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു അത്.
Read also: ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ
ഒരു ഗോളിന്റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം പകുതി പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു. 53ാം മിനിറ്റിൽ റോയ് കൃഷ്ണ ഒഡിഷക്ക് വേണ്ടി ഹെഡറിലൂടെ സമനില ഗോൾ നേടി. അഞ്ചു മിനിറ്റികം മറ്റൊരു തകർപ്പൻ ഹെഡറിലൂടെ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിനെ വീണ്ടും ഞെട്ടിച്ചു.
പന്തിൻമേലുള്ള ആധിപത്യം കൂടുതൽ ഒഡിഷക്കായിരുന്നെങ്കിലും ഗോളുറച്ച നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ തുറന്നിട്ടും മുതലെടുക്കാനായില്ല. ഈ സീസണിൽ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെ മൂന്നാമതാക്കി ഒഡിഷ രണ്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് ഒഡിഷക്ക് 27ഉം ബ്ലാസ്റ്റേഴ്സിന് 26 ഉം പോയിന്റാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ