ദോഹ: കിരീട പ്രതീക്ഷയുമായി എത്തിയ സാമുറായികൾ ഒരു നാൾ മുമ്പ് ഇറാഖിനു മുന്നിൽ കീഴടങ്ങിയതിനു പിറകെ ജോർഡനു മുന്നിൽ സമനിലയുമായി രക്ഷപ്പെട്ട് ദക്ഷിണ കൊറിയ. ആദ്യ 10 മിനിറ്റിനിടെ ഗോളടിച്ച് ആവേശക്കൊടുമുടിയേറിയ സൺ ഹ്യൂങ് മിന്നിന്റെ സംഘമാണ് അവസാന നിമിഷം വരെ തോൽവി ഭീതിയിൽ നിന്നശേഷം എതിർവലയിൽ വീണ സെൽഫ്ഗോളിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്.
അൽതുമാമ മൈതാനത്ത് ആദ്യാവസാനം കരുത്തരുടെ നേരങ്കം കണ്ട കളിയിൽ ഇരുടീമും ഒരേ വേഗത്തിലായിരുന്നു കളി നയിച്ചത്. ഒമ്പതാം മിനിറ്റിൽ ബോക്സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സൺ ഹ്യൂങ് മിൻ തന്നെ വലയിലെത്തിച്ചതോടെ കൊറിയക്കാർ ജയം പിടിക്കുമെന്ന് തോന്നിച്ചു. ക്ലിൻസ്മാൻ സ്റ്റൈലിൽ വശങ്ങളിലൂടെ ഇരച്ചുകയറി ഗോൾമുഖം തുറക്കുകയെന്ന നയവുമായി കൊറിയക്കാർ പിന്നെയും നിറഞ്ഞുനിന്നു. അതിനിടെ, 21ാം മിനിറ്റിൽ മൂസ അൽതമരിയുടെ ഇടംകാലൻ ഷോട്ട് കൊറിയൻ ബോക്സിൽ അപകടം വിതച്ചെങ്കിലും ഗോളി കഷ്ടിച്ച് രക്ഷപ്പെടുത്തി അപകടമൊഴിവാക്കി.
Read also: സൂപ്പർ കപ്പ്; ഗോകുലം ഇന്ന് പഞ്ചാബ് എഫ്.സിയെ നേരിടും
എന്നാൽ, നിരന്തരം ആക്രമണങ്ങളുമായി മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജോർഡൻ 37ാം മിനിറ്റിൽ സമനില പിടിച്ചു. അൽമർദി എടുത്ത കോർണർ പാർക് യോങ് വൂ രക്ഷപ്പെടുത്താനായി തലവെച്ചത് സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു. വൈകാതെ യസൻ അൽനുഐമത് ടീമിനെ മുന്നിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ സെൽഫ് ഗോളാണ് അർഹിച്ച ജയം ജോർഡനിൽനിന്ന് തട്ടിത്തെറിപ്പിച്ചത്. ജയിക്കുന്നവർ നോക്കൗട്ടിലെത്തുമെന്നിടത്ത് സമനിലയിൽ പിരിഞ്ഞതോടെ അവസാന മത്സരം വരെ ഇരുവർക്കും കാത്തിരിക്കണം.
നേരത്തേ 3-5-2 ഫോർമേഷനിൽ കളി തുടങ്ങിയ ജോർഡൻ എതിർടീമിന്റെ പ്രകടനം കണക്കിലെടുത്ത് 5-3-2ലേക്ക് ഫോർമേഷൻ മാറ്റിയതോടെ കളിയും സ്വന്തം വരുതിയിലായത്. സമനിലയോടെ ഇരു ടീമും പോയന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾശരാശരിയിൽ ജോർഡനാണ് മുന്നിൽ. അവസാന മത്സരങ്ങളിൽ കൊറിയ മലേഷ്യക്കെതിരെയും ജോർഡൻ ബഹ്റൈനെതിരെയുമാണ് ഇറങ്ങുക. ഇരു മത്സരങ്ങളും വ്യാഴാഴ്ചയാണ്.
നേരത്തേ, കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ സെനഗൽ പ്രീക്വാർട്ടറിലെത്തി. ഇസ്മാഈൽ സർ, ഡിയാലോ, സാദിയോ മാനെ എന്നിവർ ടീമിനെ ജയിപ്പിച്ച ഗോളുകൾ കുറിച്ചപ്പോൾ കാസ്റ്റലറ്റോ കാമറൂണിന്റെ ആശ്വാസഗോൾ കണ്ടെത്തി. കഴിഞ്ഞ കളിയിൽ പരിക്കേറ്റ് മടങ്ങിയ ഈജിപ്ത് നായകൻ മുഹമ്മദ് സലാഹ് അടുത്ത രണ്ടു മത്സരങ്ങളിലും ഇറങ്ങില്ലെന്നും ഉറപ്പായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു