ദോഹ: തിങ്കളാഴ്ച നടന്ന ഏഷ്യൻ കപ്പിലെ ഇറാഖ്-ജോർഡൻ പ്രീക്വാർട്ടർ മത്സരത്തിന് പിന്നാലെ കോച്ചിനെതിരെ തിരിഞ്ഞ ഇറാഖ് മാധ്യമപ്രവർത്തകരെ വിലക്കി എ.എഫ്.സി. മത്സരം കഴിഞ്ഞ് നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ടീം തോറ്റതിന്റെ കലി സ്പാനിഷുകാരനായ കോച്ച് ജീസസ് കസാസിനെതിരെ തീർത്തത്. വാർത്തസമ്മേളന മുറിക്ക് പുറത്തും വാർത്തസമ്മേളനത്തിനിടയിലും കോച്ചിനെ വളഞ്ഞ ഇറാഖി മാധ്യമപ്രവർത്തകർ വഴക്കിട്ടും വിമർശിച്ചും തോൽവിയുടെ കലി തീർത്തു.
Read also: ഏഷ്യൻകപ്പ് ഫുട്ബാൾ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ബുധനാഴ്ച സമാപനം
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം ശാന്തമാക്കുകയും കോച്ചിനെ മാറ്റുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ നടപടി സ്വീകരിച്ചത്. ടൂർണമെൻറിൽനിന്ന് ഇവരുടെ അക്രഡിറ്റേഷൻ റദ്ദാക്കുകയും ഭാവിയിലെ എ.എഫ്.സി മത്സരങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്നും അപലപിക്കുന്നതായും ചൂണ്ടിക്കാണിച്ചാണ് എ.എഫ്.സി നടപടി സ്വീകരിച്ചത്.
മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ പിറന്ന രണ്ട് ഗോളിന് ജോർഡൻ 3-2ന് ഇറാഖിനെ തോൽപിക്കുകയായിരുന്നു. ഇറാഖ് താരം അയ്മൻ ഹുസൈനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കിയ ഇറാൻ-ആസ്ട്രേലിയൻ റഫറി അലിറിസ ഫഗാനിക്കെതിരെ സമൂഹമാധ്യമങ്ങളിലെ വേട്ടയാടലിനെയും എ.എഫ്.സി വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു