ഖത്തർ ലോകകപ്പിൽ അട്ടിമറികൾ നടത്തി സെമി ഫൈനൽ വരെ എത്തി ഫുട്ബാൾ ലോകത്തിന്‍റെ മനസ്സ് കീഴടക്കിയ മൊറോക്കോ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്വാർട്ടർ കാണാതെ പുറത്ത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അറ്റ്ലസ് ലയൺസിനെ തകർത്തത്.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും. 57ാം മിനിറ്റിൽ എവിഡെൻസ് മക്ഗോപയും ഇൻജുറി ടൈമിൽ (90+5) ടെബോഹോ മൊകൊഎനെയുമാണ് ഗോൾ നേടിയത്. സൂപ്പർതാരം അഷ്റഫ് ഹക്കീമി പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പുറമെ, രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മധ്യനിരതാരം സോഫിയാൻ അമ്രബാത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതും മൊറോക്കൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
ലോക റാങ്കിങ്ങിൽ തങ്ങളേക്കാൾ 53 സ്ഥാനങ്ങൽ പുറകിലുള്ള ടീമിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന്‍റെ ആഘാതത്തിലാണ് മൊറോക്കൻ ആരാധകരും. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ടീമിന് ഗോൾ മാത്രം കണ്ടെത്താനായില്ല. നീണ്ട സമയത്തെ ഓഫ്സൈഡ് പരിശോധനക്കുശേഷമാണ് 57ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കക്ക് റഫറി ഗോൾ അനുവദിച്ചത്. തെംബ സ്വാനെയാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിനുള്ളിലേക്ക് നൽകിയ ത്രൂ ബാൾ പിടിച്ചെടുത്ത് മുന്നോട്ട് കുതിച്ച് മക്ഗോപയുടെ ഒരു ക്ലിനിക്കൽ ഫിനിഷിങ്. പന്ത് ഗോളിയെയും മറികടന്ന് വലയിൽ. 85ാം മിനിറ്റിൽ മൊറോക്കോക്ക് മത്സരത്തിൽ ഒപ്പമെത്താനുള്ള സുവർണാവസരം.
Read also: നോട്ടിങ്ഹാമിനെ വീഴ്ത്തി ആഴ്സണലിന് ജയം
അയ്യൂപ് എൽകാബിയുടെ ഷോട്ട് ബോക്സിനുള്ളിൽ ദക്ഷിണാഫ്രിക്കൻ താരം മൊത്തോബി കൈകൊണ്ട് തടുത്തതിന് റഫറി മൊറോക്കോക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ, ഹക്കീമിയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക്. ഇൻജുറി ടൈമിൽ ബോക്സിനു പുറത്ത് ദക്ഷിണാഫ്രിക്കൻ താരത്തെ ഫൗൾ ചെയ്തതിനാണ് അമ്രബാത്തിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്. മൊകൊഎനെയുടെ ഒരു ക്ലാസിക് ഫ്രീകിക്ക് ഗോളിയെയും മറികടന്ന് വലയിൽ. രണ്ടു ഗോളിന്‍റെ ജയവുമായി ദക്ഷിണാഫ്രിക്ക ക്വാർട്ടറിലേക്ക്.
1996ൽ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്ക് ക്വാർട്ടറിൽ കേപ് വർഡെയാണ് എതിരാളികൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു