ദോഹ: ഖത്തറിൽ വീണ്ടും ടെന്നിസ് വസന്തം വിരുന്നെത്തുന്നു. ഫെബ്രുവരി 19 മുതൽ 24 വരെ ദോഹയിലെ ഖലീഫ അന്താരാഷ്ട്ര ടെന്നിസ് ആൻഡ് സ്‌ക്വാഷ് കോംപ്ലക്‌സിൽ നടക്കുന്ന ഖത്തർ എക്‌സോൺ മൊബീൽ ഓപണിൽ 22 തവണ ഗ്രാൻഡ്സ്ലാം ജേതാവായ റാഫേൽ നദാൽ അടക്കമുള്ള ലോകോത്തര താരങ്ങൾ റാക്കറ്റേന്തും.
പരിക്ക് കാരണം ആസ്‌ട്രേലിയൻ ഓപണിൽനിന്ന് പിൻവാങ്ങിയ റാഫേൽ നദാൽ ദോഹയിലൂടെയാണ് കോർട്ടിലേക്ക് തിരികെയെത്തുക. 2014ൽ ദോഹയിൽ ചാമ്പ്യനും 2016ൽ റണ്ണറപ്പുമായിരുന്നു.
Read also: ഏഷ്യൻ കപ്പ്: മെട്രോയും ബസും ഉൾപ്പെടെ പൊതു ഗതാഗത സൗകര്യങ്ങൾക്ക് സ്വീകാര്യതയേറുന്നു
നദാലിനെ കൂടാതെ, നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ ഡാനിൽ മെദ്‍വ്യദേവ്, ലോക അഞ്ചാം നമ്പർ താരം ആന്ദ്രേ റുബ്ലേവ്, രണ്ടുതവണ ഖത്തർ ഓപൺ ചാമ്പ്യനും മൂന്ന് ഗ്ലാൻഡ്സ്ലാം കിരീട ജേതാവുമായ ആൻഡി മറേ തുടങ്ങിയ താരങ്ങളും ദോഹയിലെത്തും. അടുത്തിടെ നവീകരിച്ച എ.ടി.പി 500 ടൂർണമെന്റ്, എ.ടി.പി ടൂർ കലണ്ടറിലെ സിഗ്നേച്ചർ ഇവന്റുകളിലൊന്നായി വളർന്നിരിക്കുന്നു.
ഈ വർഷം നടക്കുന്ന ടെന്നിസ് ടൂർണമെന്റിനായി നദാലുൾപ്പെടെയുള്ള താരങ്ങളുടെ മടങ്ങിവരവ് അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ ടെന്നിസ് ഫെഡറേഷൻ സെക്രട്ടറി ജനറൽ താരിഖ് സൈനൽ പറഞ്ഞു. 1993ൽ ആരംഭിച്ച ടൂർണമെന്റിന്റെ ഇതുവരെയുള്ള പതിപ്പുകളിലെല്ലാം ലോകോത്തര താരങ്ങളാണ് എത്തിയിട്ടുള്ളത്. ഓരോ വർഷം കഴിയുംതോറും ടൂർണമെന്റ് വളർന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റിൽ വലിയ ആരാധക പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത് -താരിഖ് സൈനൽ കൂട്ടിച്ചേർത്തു.
Read also: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് കുറിച്ച് ആർ. അശ്വിനും രവീന്ദ്ര ജദേജയും
13.95 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള എ.ടി.പി 250 ടൂർണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ 28 താരങ്ങളും ഡബിൾസിൽ 16 ജോഡികളും കോർട്ടിലിറങ്ങും.
ഖത്തർ ഓപൺ ടൂർണമെന്റിനായുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചതായി ഖത്തർ ടെന്നിസ് ഫെഡറേഷൻ അറിയിച്ചു. www.qatartennis.org വഴിയോ ഖലീഫ അന്താരാഷ്ട്ര ടെന്നിസ് ആൻഡ് സ്‌ക്വാഷ് കോംപ്ലക്‌സിൽ നേരിട്ടെത്തിയോ ടിക്കറ്റുകൾ സ്വന്തമാക്കാം. വില്ലാജിയോ മാൾ, സിറ്റി സെന്റർ, പ്ലേസ് വെൻഡോം തുടങ്ങിയ മാളുകളിൽ പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിലും ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ടായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു