സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ്ബായ അൽ നസർ എഫ് സിയുടെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലേലത്തിൽ ലഭിച്ച തുക കേട്ട് അന്തം വിട്ട് കാൽപ്പന്ത് ലോകം. ജനുവരി 24 നു ലേലം കൊണ്ട തുകയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2023 ജനുവരി ഒന്നിനാണ് സി ആർ 7 യൂറോപ്യൻ ഫുട്ബോൾ ലോകം വിട്ട് സൗദി പ്രൊ ലീഗ് ക്ലബ്ബിൽ എത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ നിന്ന് പരസ്പര ധാരണയോടെ കരാർ പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ 175 മില്യൺ യൂറോ വാർഷിക പ്രതിഫലത്തിലാണ് അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസർ എഫ് സിയിൽ എത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ എത്തിയത് ലോകത്തിലെ പല പ്രമുഖ ഫുട്ബോൾ താരങ്ങളെയും മിഡിൽ ഈസ്റ്റിലേക്ക് ആകർഷിക്കാൻ കാരണമായി എന്നതും ചരിത്ര സത്യം. ഫ്രഞ്ച് താരങ്ങളായ കരിം ബെൻസെമ, എൻഗോളൊ കാന്റെ, ബ്രസീൽ സൂപ്പർ താരം നെയ്മർ തുടങ്ങിയ വൻ താരനിരയാണ് സി ആർ 7 ന്റെ പാത പിന്തുടർന്ന് സൗദി പ്രൊ ലീഗിൽ എത്തിയത്.
Read also: ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
1.03 കോടി രൂപയാണ് ( 1.25 ലക്ഷം ഡോളർ ) ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പുള്ള അൽ നസർ എഫ് സി ജഴ്സിക്ക് ലേലത്തിൽ ലഭിച്ചത്. സൗദി അറേബ്യയിൽ നിന്നുള്ള ഒരു ബിസിനസ് വിമൻ ഊ ജേഴ്സി സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവൻറസ് തുടങ്ങിയ യൂറോപ്യൻ വമ്പൻ ക്ലബ്ബുകളിൽ കളിച്ച സി ആർ 7 ൻറെ ജഴ്സിക്ക് ഇത്രയും വില ലഭിച്ചതിൽ അദ്ഭുതമില്ലെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ.
ലോകത്തിലെ മികച്ച ഫുട്ബോളറിനുള്ള ബാലൺ ഡി ഓർ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫി അഞ്ച് തവണ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മൂന്ന് തവണയും ഇറ്റാലിയൻ സീരി എ ലാ ലിഗ എന്നീ ട്രോഫികൾ രണ്ട് തവണ വീതവും സി ആർ 7 സ്വന്തമാക്കിയിട്ടുണ്ട്.
ക്ലബ് ഫുട്ബോൾ കരിയറിൽ 739 ഗോൾ ഇതുവരെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. അതിൽ 450 ഗോളും സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിനു വേണ്ടി നേടിയതാണ്. അൽ അലാമി എന്ന് അറിയപ്പെടുന്ന അൽ നസർ എഫ് സിയിൽ ചേർന്നതിനു ശേഷം 44 മത്സരങ്ങളിൽ 38 ഗോൾ ക്രിസ്റ്റ്യാനോ ഇതുവരെ സ്വന്തമാക്കി. 2023 – 2024 സീസണിൽ മിന്നും ഫോമിലാണ് പോർച്ചുഗൽ താരം. ഈ സീസണിൽ 25 മത്സരങ്ങളിൽ 24 ഗോളും 11 അസിസ്റ്റും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉണ്ട്.
Read also: റോജർ ഫെഡററെ സന്ദർശിച്ച് നീരജ് ചോപ്ര
പരിശീലനത്തിനിടെ പരിക്കേറ്റ സി ആർ 7 നിലവിൽ വിശ്രമത്തിലാണ്. രണ്ട് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് അർജൻറൈൻ സൂപ്പർ താരം ലയണൽ മെസിയുടെ അമേരിക്കൻ മേജർ ലീഗ് സോക്കർ ( എം എൽ എസ് ) ക്ലബ്ബായ ഇൻറർ മയാമിക്ക് എതിരെ അൽ നസർ എഫ് സിക്ക് സൗഹൃദ മത്സരമുണ്ട്. അതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്ക് മാറി കളത്തിൽ തിരിച്ചെത്തുമോ എന്നതാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. യൂറോപ്യൻ ഫുട്ബോൾ വിട്ട ഇരു സൂപ്പർ താരങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഫെബ്രുവരി ഒന്നിന് അരങ്ങേറുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു