ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ആവേശത്തിനിടെ ജലകായിക മത്സരങ്ങളിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ദോഹ. ലോകത്തെ മുൻനിര കായിക താരങ്ങൾ മത്സരിക്കുന്ന 21ാമത് വേൾഡ് അക്വാട്ടിക് ചാമ്പ്യൻഷിപ് വിജയകരമായി പുരോഗമിക്കുന്നു. വെള്ളിയാഴ്ച തുടക്കം കുറിച്ച ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച പ്രധാന വേദികളിലൊന്നായ ആസ്പയർ ഡോമിൽ നടന്നു. പുരുഷ വനിത വിഭാഗങ്ങളിൽ ഡൈവിങ്, ആർടിസ്റ്റിക് സ്വിമ്മിങ് ഉൾപ്പെടെ ഇനങ്ങളാണ് ആദ്യ ദിനങ്ങളിൽ പൂർത്തിയായത്. രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി ചൈന കുതിപ്പ് തുടങ്ങി. ബ്രിട്ടൻ, ആസ്ട്രേലിയ, മെക്സികോ, ഗ്രീസ്, ഹംഗറി, നെതർലൻഡ്സ് ടീമുകൾ ഓരോ സ്വർണം നേടിക്കഴിഞ്ഞു.
Read also: 2026 ഫിഫ ലോകകപ്പ് ഫൈനൽ അമേരിക്കയിലെ ന്യൂ ജഴ്സിയിൽ; ഉദ്ഘാടന മത്സരം മെക്സിക്കോയിലും
ഓൾഡ് പോർട്ടിൽ ആവേശമായി മാരത്തൺ നീന്തൽ
ലോകഅക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ശനി, ഞായർ ദിവസങ്ങളിലായി നടന്ന 10 കി.മീറ്റർ ഓപൺ വാട്ടർ നീന്തൽ മത്സരമായിരുന്നു ശ്രദ്ധേയം. ഓൾഡ് ദോഹ പോർട്ടിലെ കടലിൽ ലോകതാരങ്ങൾ മാറ്റുരച്ച മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഹംഗറിയുടെ റസോവിസ്കി ക്രിസ്റ്റഫും, വനിതകളിൽ നെതർലൻഡിന്റെ ഷാരോൺ വാൻ റുവെൻഡലും ഒന്നാമതെത്തി. 2016 റിയോ ഒളിമ്പിക്സിൽ സ്വർണവും, ടോക്യോ ഒളിമ്പിക്സിൽ വെള്ളിയും നേടിയ താരമാണ് ഷാരോൺ.
തിരയിളക്കമില്ലാത്ത ഓൾഡ് ദോഹ പോർട്ടിലെ തണുത്ത കടലിനെ സജീവമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാരത്തൺ നീന്തൽ മത്സരങ്ങൾ. ഒരു മണിക്കൂർ 48 മിനിറ്റും 21 സെക്കൻഡും കൊണ്ടായിരുന്നു ഹംഗേറിയൻ നീന്തൽ താരം ക്രിസ്റ്റോഫ് 10 കി.മീറ്റർ പൂർത്തിയാക്കി സ്വർണത്തിൽ ഫിനിഷ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ