തിരുവനന്തപുരം: പ്രമുഖ മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
കെ. വേലായുധൻ നായർ എന്നാണ് യഥാർഥ പേര്. അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്തു. 1967-ല്‍ പുറത്തിറങ്ങിയ “മിടുമിടുക്കി’യാണ് ആദ്യ സിനിമ.
സ്വന്തം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഏക സംവിധായകനാണ് ക്രോസ് ബെല്‍റ്റ് മണി. 1970ല്‍ പുറത്തിറങ്ങിയ ക്രോസ് ബെല്‍റ്റ് എന്ന ചിത്രത്തോടെയാണ് അദ്ദേഹം പ്രശസ്തനായത്. എൻ.എൻ പിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എൻ.എൻ പിള്ളയാണ് തയാറാക്കിയത്. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.
പ്രമുഖസംവിധായകൻ ജോഷിയുടെ തുടക്കം ക്രോസ്ബെൽറ്റ് മണിയോടൊപ്പം ആയിരുന്നു. ഇരുപതോളം സിനിമകളിൽ ജോഷി മണിയുടെ സംവിധാനസഹായി ആയി. മണിയോടൊപ്പം മാത്രമാണ് ജോഷി സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുള്ളത്. ജോഷിയുടെ ആദ്യസിനിമ ആയ ടൈഗർ സലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ക്രോസ്ബെൽറ്റ് മണി ആയിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വലിയശാലയിൽ മാധവവിലാസത്ത് കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രിൽ 22-നായിരുന്നു ജനനം. ഫോട്ടോഗ്രാഫിയിയോടും ക്യാമറകളോടുമുള്ള കമ്പമാണ് വേലായുധന് നായരെ സിനിമാ രംഗത്തെത്തിച്ചത്. 1956 മുതല്‍ 1961 വരെ മെരിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ആദ്യപാഠങ്ങള്‍ അഭ്യസിച്ചു. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്പ്പാടുകളിൽ അദ്ദേഹം സ്വതന്ത്രമായി നിശ്ചലഛായാഗ്രഹണം ചെയ്തു തുടങ്ങി.
1990ല്‍ പുറത്തിറങ്ങിയ, വേണു നാഗവള്ളിയും പാര്‍വതിയും അഭിനയിച്ച ദേവദാസാണ് ക്രോസ്ബെല്‍റ്റ് മണി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe