വൈദ്യുതി വളരെ കുറച്ച് മാത്രം ആവശ്യമുള്ള ബി.എൽ.ഡി.സി ഫാനുകൾ നിർമ്മിച്ച് പള്ളിമുക്ക് മീറ്റർ കമ്പനി

google news
11
വൈദ്യുതി വളരെ കുറച്ച് മാത്രം ആവശ്യമുള്ള ബി.എൽ.ഡി.സി (ബ്രഷ്ലൈസ് ഡയറക്ട് കറണ്ട്) ഫാനുകൾ നിർമ്മിച്ച് പ്രതിസന്ധിയിൽ നിന്ന് കരകയറാനൊരുങ്ങി പള്ളിമുക്ക് മീറ്റർ കമ്പനി. വൈദ്യുതി ചാർജ്ജ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബി.എൽ.ഡി.സി ഫാനുകൾ വിപണിയിലിറക്കിയാൽ വൻ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.എൽ.ഡി.സി ഫാനുകൾക്ക് സാധാരണ ഫാനുകളെക്കാൾ നിർമ്മാണ ചെലവ് കുറവാണ്. വൻകിട കമ്പനികൾ ഈ ഫാനിന്റെ നിർമ്മാണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചെറുകിട നിർമ്മാതാക്കൾ ഈ രംഗത്തേക്ക് കടന്നിട്ടില്ല. ബി.എൽ.ഡി.സി ഫാൻ നിർമ്മാണം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ പൊതുമേഖലാ സ്ഥാപനമാണ് മീറ്റർ കമ്പനി. ഫാനിന്റെ നിർമ്മാണ യൂണിറ്റിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഏകദേശം 2.5 കോടി രൂപയാണ് വേണ്ടത്. ഇതിൽ അദ്യഘട്ടമായി 75 ലക്ഷം രൂപ വ്യവസായ വകുപ്പ് മീറ്റർ കമ്പനിക്ക് അനുവദിച്ചു.

ഇൻഡക്ഷൻ മോട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാനുകൾ കുറഞ്ഞ വേഗതയിലും പരമാവധി വേഗതയിലും ഒരേ വൈദ്യുതി ചെലവായിരിക്കും. ഡി.സി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബി.എൽ.ഡി.സി ഫാനുകൾക്ക് വേഗതയ്ക്ക് ആനുപാതികമായ വൈദ്യുതിയേ ആവശ്യമുള്ളു. ഏറ്റവും കുറഞ്ഞ വേഗതയിൽ ബി.എൽ.ഡി.സിക്ക്, സാധാരണ ഫാനുകൾക്ക് ആവശ്യമായതിന്റെ പത്തിലൊന്ന് വൈദ്യുതി മതിയാകും. സാധാരണ ഫാൻ പ്രവർത്തിപ്പിക്കാൻ ഒരു ദിവസം ആവശ്യമായി വരുന്ന വൈദ്യുതി കൊണ്ട് പത്ത് ദിവസം ബി.എൽ.ഡി.സി ഫാൻ പ്രവർത്തിപ്പിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കമ്പനി വളപ്പിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള മീറ്റർ കമ്പനിയുടെ നിർദ്ദേശത്തിന് വ്യവസായ വകുപ്പ് അനുമതി നൽകി. നിലവിൽ കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സ്റ്റേഷനുള്ളത്. കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ ഭാവിയിൽ ലാഭകരമായി മാറുമെന്നാണ് പ്രതീക്ഷ. 200 കിലോവാട്ടിന്റെ സ്റ്റേഷനാണ് ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായ വകുപ്പ് 75 ലക്ഷം രൂപ മീറ്റർ കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്.

Tags