സ്വകാര്യ വിവരങ്ങള്‍ കടത്തുന്നു; ഡിജെഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍

google news
സ്വകാര്യ വിവരങ്ങള്‍ കടത്തുന്നു; ഡിജെഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍

വാവെയ്, സെഡ്റ്റിഇ തുടങ്ങിയ ചൈനീസ് ടെലികോം കമ്പനികള്‍ക്കു ശേഷം സുപ്രശസ്ത ഡ്രോണ്‍ കമ്പനിയായ ഡിജെഐയുടെ ആന്‍ഡ്രോയിഡ് ഡിജെഐ ഗോ 4 ആപ്പ്, ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കടത്തുന്നതായി ആരോപണം.

സിനാ വെയ്‌ബോ എന്ന ചൈനീസ് സമൂഹമാധ്യമ സൈറ്റുമായി ഓരോ മണിക്കൂറും ഈ ആപ്പ് സംവദിക്കുന്നതായും, ഉപയോക്താവിന്റെ സമ്മതം കൂടാതെ തന്നെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നു എന്നുമാണ് ആരോപണങ്ങള്‍.

ഉപയോക്താവ് ക്ലോസു ചെയ്താലും ആപ്പ് ക്ലോസാവില്ല എന്നാണ് സൈബര്‍ സുരക്ഷാ കമ്പനിയായ ഗ്രിം പറയുന്നത്. തങ്ങള്‍ ആപ്പ് ക്ലോസു ചെയ്തപ്പോള്‍ പോയെന്ന് ഉപയോക്താവിനു തോന്നും. എന്നാല്‍ അത് ബാക്ഗ്രൗണ്ടില്‍ പതിയിരുന്ന് ടെലിമെട്രി ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.

ആപ്പിന്റെ ലെയറുകള്‍ അഴിച്ചു പരിശോധിച്ചാണ് ഗ്രിം പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. സമീപകാലങ്ങളില്‍ ഇത് ധാരാളം സ്വകാര്യ വിവരങ്ങള്‍ കടത്തിയിട്ടുണ്ടെന്നാണ് ഗ്രിമ്മിന്റെ കണ്ടെത്തല്‍. ഈ ആപ്പ് ഏകദേശം 15 ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്. അമേരിക്കന്‍ സൈന്യം ഇത് വര്‍ഷങ്ങള്‍ക്കു മുൻപെ നിരോധിച്ചിരുന്നു.

Tags