കണ്ടെന്റ് ക്രിയേഷനും എഐ ടൂളുകളും

google news
content

കണ്ടെന്റുകൾ സൃഷ്ടിക്കുക എന്നത് മിക്കവർക്കും ഒരു ടാസ്‌ക് തന്നെയാണ്. നല്ല കണ്ടെന്റുകൾ സൃഷ്ടിക്കുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യവുമാണ്. കണ്ടെന്റ് ക്രിയേഷൻ രംഗത്ത് ടാസ്ക്കുകൾ ത്വരിതപ്പെടുത്തുന്നതിനും നമ്മുടെ ചിന്തകൾക്കും ആഗ്രഹത്തിനുമനുസരിച്ചുള്ള പ്രശ്ന പരിഹാരങ്ങൾ കണ്ടെത്തുന്നതിനും നിർമിത ബുദ്ധി ടൂളുകൾ നല്ലൊരു സൊലൂഷനാണ്.
സാധാരണ ഉപയോക്താക്കൾക്കും ബിസിനസുകൾക്കും ഒരുപോലെ കണ്ടെന്റ് ക്രിയേഷനും ബ്രാൻഡിങ്ങിനും സഹായിക്കുന്ന എഐ ടൂളുകളെക്കുറിച്ചാണ് ചുവടെ പരാമർശിക്കുന്നത്.

∙ വേർഡ്ട്യൂൺ (Wordtune)   

എഴുതുന്നതെല്ലാം തൽക്ഷണം മെച്ചപ്പെടുത്തി നൽകുന്ന റൈറ്റിങ് ടൂളാണ് വേർഡ്ടൂൺ. പഴ്സണൽ റൈറ്റിങ് അസിസ്റ്റന്റായും എഡിറ്ററായും ഉപയോഗിക്കാം. വാക്യങ്ങൾ ശരിയാക്കുകയും മികച്ച വാക്കുകൾ നിർദേശിക്കുകയും ചെയ്യുന്നു. വ്യാകരണത്തിലോ അക്ഷരവിന്യാസത്തിലോ മികവ് പുലർത്താത്ത ആളുകൾക്ക് ഇത് സഹായകരമാണ്.

∙ ഗ്രാമർലി (Grammarly)

എഐ പവർഡ് പ്രൂഫ് റീഡിങ് ടൂൾ ആണ് ഗ്രാമർലി. വ്യാകരണം, സ്പെല്ലിങ് പിശകുകൾ എന്നിവ പരിഹരിച്ചു കണ്ടെന്റ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചിന്തകളെ കൃത്യമായി വാക്കുകളിലേക്ക് കൊണ്ടുവരാനും സാന്ദർഭികമായ ശൈലി ഭാഷയിൽ രൂപപ്പെടുത്താനും ഗ്രാമർലിക്ക് സാധിക്കുന്നു.

∙ ക്വിൽബോട്ട് (QuillBot)

എഐ പവർഡ് പാരാഫ്രേസിങ് ടൂളാണിത്. ചിന്തകൾക്ക് അനുസരിച്ചു ആശയങ്ങൾ കൃത്യമായി അവതരിപ്പിക്കാനും എഴുതിയ ഭാഗം പോളിഷ് ചെയ്യാനും സഹായിക്കുന്നു. എഴുതുന്ന ഓരോ പദത്തിന്റെയും പര്യായങ്ങളും വാക്യമാണെങ്കിൽ ഇതര വാക്യങ്ങളും നൽകി കണ്ടെന്റ് കൂടുതൽ മനോഹരമാക്കുന്നു. ഗ്രാമർ ചെക്കർ ഉള്ളതിനാൽ വ്യാകരണം പരിശോധിക്കാം.

∙ തണ്ടർ കണ്ടന്റ് (Thundercontent)

ഏത് തരത്തിലുള്ള കണ്ടെന്റും സൃഷ്ടിക്കാൻ സഹായിക്കുന്ന കണ്ടന്റ് ക്രിയേഷൻ എഐ ടൂളാണ് തണ്ടർ കണ്ടന്റ്. ഓൾ-ഇൻ-വൺ പ്ലാറ്റ്ഫോം. എഐ റൈറ്റർ, എഐ വോയ്‌സ് ജനറേറ്റർ, എഐ വിഡിയോ എഡിറ്റർ എന്നിവ ഉപയോഗിച്ച് കണ്ടെന്റ് സൃഷ്‌ടിക്കാം.

∙ പോഡ്കാസിൽ (Podcastle)

പോഡ്‌കാസ്റ്റുകൾ സൃഷ്‌ടിക്കാനും എഡിറ്റ് ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും ഉപയോക്താക്കളെ പോഡ്കാസിൽ അനുവദിക്കുന്നു. എഴുതപ്പെട്ട പോഡ്‌കാസ്റ്റ് ഉള്ളടക്കത്തെ പ്രൊഫഷണൽ ശബ്‌ദമുള്ള പോഡ്‌കാസ്റ്റാക്കി മാറ്റുന്ന ടെക്‌സ്‌റ്റ്-ടു-പോഡ്‌കാസ്റ്റ് സൊല്യൂഷനാണിത്. ഉയർന്ന നിലവാരമുള്ള ഓഡിയോ റെക്കോർഡിങ്ങുകൾ സാധ്യമാണ്.

∙ സിന്തസിയ (Synthesia)

എഐ വിഡിയോ കണ്ടെന്റ് സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് സിന്തസിയ. വോയ്‌സ് ഓവർ ആർട്ടിസ്റ്റിന്റെ ആവശ്യകതയില്ല, ലഭ്യമായ അവതാറുകളിൽ ഒന്ന് തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ നമ്മുടെ ഇഷ്ടാനുസൃതം അവതാർ സൃഷ്‌ടിക്കുകയോ ചെയ്യാം. വിഡിയോക്കുള്ള സ്ക്രിപ്റ്റ് എഡിറ്ററിൽ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ വിഡിയോ റെഡി. മ്യൂസിക് ചേർക്കാനും വിഡിയോക്ക് പശ്ചാത്തലം കൊടുക്കാനും കഴിയും. വിഡിയോയിൽ ടെക്‌സ്‌റ്റ്, ഇമേജ് എന്നിവയും നൽകാം.

∙ വിഡ് യോ (vidyo)

റീൽസ്, ഷോർട്സ്‌ എന്നിവയ്‌ക്കായി ദൈർഘ്യമേറിയ വിഡിയോകൾ ഹ്രസ്വ ക്ലിപ്പുകളാക്കി മാറ്റാൻ സഹായിക്കുന്നു. അടിക്കുറിപ്പുകൾ, ടെംപ്ലേറ്റുകൾ, ഇമോജികൾ എന്നിവ ഉപയോഗിച്ച് ഹ്രസ്വ ക്ലിപ്പുകൾ തയാറാക്കി ഓൺലൈൻ സാന്നിധ്യം ഗണ്യമായി വർധിപ്പിക്കാം.

∙ ഫ്ലെയർ (Flair)

ലളിതമായ ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഇന്റർഫേസ് ഉപയോഗിച്ച് ബ്രാൻഡഡ് കണ്ടെന്റ് സൃഷ്ടിക്കുന്നതിനുള്ള എഐ ഡിസൈൻ ടൂളാണ് ഫ്ലെയർ എഐ. മാർക്കറ്റിങ്, പരസ്യ ആവശ്യങ്ങൾക്കായി പ്രൊഫഷണൽ നിലവാരമുള്ള ദൃശ്യ കണ്ടെന്റ് സൃഷ്ടിക്കുന്നതിന് ഫ്ലെയർ എഐ മുതൽക്കൂട്ടാണ്.

∙ ഒക്കോയ (Ocoya)

സോഷ്യൽ മീഡിയ മാനേജ്മെന്റ് ടൂളാണിത്. നിരവധി സവിശേഷതകളോടെ എഐ റൈറ്റിങ്, സോഷ്യൽ മീഡിയ ഷെഡ്യൂളിങ്, സോഷ്യൽ മീഡിയ പോസ്റ്റ് സൃഷ്ടിക്കൽ എന്നിവ സാധ്യമാണ്. ക്യാംപയ്‌നുകൾക്ക് അനുയോജ്യമായ ഓൾ-ഇൻ-വൺ മാർക്കറ്റിങ് സൊലൂഷനാണ് ഒക്കോയ.

∙ ലുക്ക (Looka)

ഇഷ്‌ടപ്പെടുന്ന മനോഹരമായ ലോഗോകൾ സൃഷ്‌ടിക്കാം. ബ്രാൻഡഡ് ടെംപ്ലേറ്റുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃത മാർക്കറ്റിങ് അസറ്റുകൾ സൃഷ്‌ടിക്കാം. ബിസിനസ് കാർഡ്, വെബ്സൈറ്റ് എന്നിവ നിർമിക്കാനും മാർക്കറ്റിങ് ക്യാംപയ്‌നുകൾക്കായി ബ്രാൻഡ് കിറ്റ് ഉപയോഗിക്കാനും സാധിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags