യുഎസ് വിമാനത്താവളങ്ങളില്‍ പരിശോധനക്ക് ഫേഷ്യല്‍ റെക്കഗ്നിഷൻ വ്യാപകമാക്കുന്നു

google news
facial

വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെ വ്യാപകമായി ഉപയോഗിക്കാന്‍ അമേരിക്ക. രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉഫയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (TSA) ആണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ അമേരിക്കയിലെ 16 വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ യാത്രികരെ പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. 

യാത്രികര്‍ നല്‍കിയ രേഖകളിലുള്ളവര്‍ തന്നെയാണ് യാത്രക്കാരെന്ന പരിശോധനയാണ് പ്രധാനമായും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കുകയെന്ന് ബാള്‍ട്ടിമോര്‍ വാഷിങ്ടണ്‍ ഇന്റര്‍നാഷണല്‍ തര്‍ഗുഡ് മാര്‍ഷല്‍ വിമാനത്താവളത്തിലെ ഐഡന്റിറ്റി മാനേജ്‌മെന്റ് കാപ്പബിലിറ്റീസ് മാനേജര്‍ ജാസണ്‍ ലിം പറഞ്ഞു. 

പരീക്ഷണഘട്ടത്തില്‍ യാത്രികരുടെ സമ്മതത്തോടെ മാത്രമേ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കൂ എന്നും ടിഎസ്എ അറിയിച്ചിട്ടുണ്ട്. നിലവില്‍ 16 അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഡ്രൈവിങ് ലൈസന്‍സോ പാസ്‌പോര്‍ട്ടോ പോലുള്ള തിരിച്ചറിയല്‍ രേഖ യാത്രികര്‍ ഈ വിമാനത്താവളങ്ങളില്‍ ഒരു കാര്‍ഡ് റീഡറിലേക്ക് വയ്ക്കേണ്ടതുണ്ട്. ഈ തിരിച്ചറിയല്‍ രേഖയിലെ ചിത്രവും കാമറ വഴി എടുക്കുന്ന ചിത്രവും താരതമ്യം ചെയ്ത് ഉറപ്പുവരുത്തുകയാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ചെയ്യുന്നത്. 

ഇത്തരത്തില്‍ ശേഖരിക്കുന്ന യാത്രികരുടെ ബയോമെട്രിക് വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു. എങ്ങനെയാണ് യാത്രികരുടെ ചിത്രങ്ങളെടുക്കുന്നത്? ശേഖരിച്ച ചിത്രങ്ങള്‍ ഹാക്കര്‍മാരുടെ കൈവശമെത്തിയാല്‍ എന്തു സംഭവിക്കും? എന്നതു പോലുള്ള ചോദ്യങ്ങള്‍ക്ക് ഒരൊറ്റ മറുപടിയാണ് ടിഎസ്എ നല്‍കുന്നത്, യാത്രക്കാരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചുവെക്കുന്നില്ലെന്നാണ് ടിഎസ്എ അറിയിക്കുന്നത്. ഇത്തരം ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യകള്‍ 100 ശതമാനം കൃത്യമല്ലെന്നതും വെല്ലുവിളിയാണ്. 

പ്രായം, ലിംഗം, വംശം എന്നിവയൊന്നും പരിഗണിക്കാതെ യാത്രികരെ പരിശോധിക്കാന്‍ ഇത്തരം സാങ്കേതികവിദ്യക്കാവുമെന്നാണ് ടിഎസ്എയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുന്ന യാത്രികര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യാത്രികരെ പരിശോധിക്കാനായി ഫേഷ്യല്‍ റെക്കഗ്നിഷനെ ഉപയോഗിക്കാന്‍ തന്നെയാണ് ടിഎസ്എയുടെ നിലവിലെ തീരുമാനം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ

Tags