2024 ലെ ചൈനീസ് ബജറ്റ് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനം കമ്മി ബജറ്റായിരിക്കും.സമ്പദ് വ്യവസ്ഥയെ പ്രതി കഴിഞ്ഞ ദിവസം നടന്ന വാർഷിക സമ്മേളനത്തിലാണ് കമ്മി ബജറ്റ് സംബന്ധിച്ച് ധാരണയിലെത്തിയത്. അവശ്യമെങ്കിൽ മാത്രം ഓഫ് – ബജറ്റ് സ്രോതസിലൂടെ ബജറ്റ് കമ്മി നികത്താമെന്ന ധാരണയിലെത്തിയതായും സൂചനയുണ്ട്. അതേ സമയം ഓഫ്-ബജറ്റെന്നു പറയുന്ന കടമെടുപ്പു രീതി വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെട്ടേക്കില്ലെന്നും പറയപ്പെടുന്നുണ്ട്.
പൊതു ബജറ്റിൽ കണക്കാക്കാത്ത വായ്പയെടുക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകളെയാണ് ഓഫ് ബജറ്റ് സ്രോതസെന്ന് സൂചിപ്പിക്കുന്നത്. പൊതു ചെലവുകളുടെ പൂർണ്ണരൂപ മുൾകൊള്ളുന്നതായിരിയ്ക്കണം പൊതുവെ പൊതു ബജറ്റ്. എന്നാൽ മിക്ക രാജ്യങ്ങളുടെയും പൊതു ബജറ്റുകളിൽ ചില സർക്കാർ ചെലവുകളെ ഒഴിവാക്കുന്നു. അവശ്യ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു വിധേയമായിട്ടായിരിക്കും പൊതുവെ ഓഫ് – ബജറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്തുക.
നടപ്പുവർഷത്തെ പുതുക്കിയ 3.8 ശതമാന ലക്ഷ്യത്തേക്കാൾ അടുത്ത കമ്മി കുറവാണ്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കമ്മി സാമ്പത്തികാവസ്ഥക്ക് താങ്ങായി ചൈന “ബസൂക്ക”യെന്ന് പരാമർശിക്കപ്പെടുന്ന വലിയ തോതിലുള്ള ഉത്തേജക പാക്കേജിന് രൂപം കൊടുത്തിരുന്നു.അടുത്ത വർഷം അത്തരത്തിൽ വലിയ തോതിലുള്ള ധനകാര്യ ബസൂക്ക പരിഗണിയ്ക്കുവാനിടയില്ല. തളർച്ചയനുഭവപ്പെടുന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കപ്പെടുന്നതിനായാണ് പൊതുവെ ഓഫ്-ബജറ്റ് സ്രോതസുകളെ ആശ്രയിക്കുന്നത്. നടപ്പുവർഷം കമ്മി 3.8 ശതമാനമെങ്കിൽ അടുത്ത വർഷമത് മൂന്നു ശതമാനമെന്ന് നിശ്ചയിക്കപ്പെട്ടിടത്ത് സാമ്പത്തിക അച്ചടക്കം പരമാവധി പിന്തുടരുകയെന്നതാണ് പ്രകടമാകുന്നത്.
ആവശ്യമെങ്കിൽ മാത്രം പൊതു ചെലവുകളെ മുൻനിറുത്തി ഒരു ട്രില്യൺ യുവാൻ ( 140.16 ബില്യൺ യുഎസ് ഡോളർ) പ്രത്യേക കടപ്പത്രമിറക്കുവാനുള്ള സാധ്യത തള്ളികളയുവാനില്ലെന്നാണ് സ്രോതസുകളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.സ്രോതസുകളെ സംബന്ധിച്ച രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സുമായി വിവരങ്ങൾ പങ്കുവെയ്ക്കപ്പെട്ടത്.
സർക്കാർ, ധനമന്ത്രാലയം, ദേശീയ വികസന പരിഷ്കരണ കമ്മീഷൻ തുടങ്ങിയവയ്ക്കായുള്ള മാധ്യമ സമ്പർക്ക വിഭാഗം സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസിനോട് സാമ്പത്തിക നടപടികളെ സംബന്ധിച്ച് റോയിട്ടേയ്സ് ചോദ്യങ്ങളുന്നയിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.സാധാരണയായി മാർച്ചിൽ നടക്കുന്ന ചൈനയുടെ വാർഷിക പാർലമെന്റ് യോഗം വരെ ഔദ്യോഗിക തീരുമാനങ്ങൾ പരസ്യമായി പ്രഖ്യാപിക്കാറില്ല.