ഗസ്സ: ഇസ്രായേലിന്റെ കൂട്ടക്കുരുതി 108ാം ദിവസത്തിലെത്തിയപ്പോൾ ഗസ്സയിൽ മരണം കാൽലക്ഷം കവിഞ്ഞു. 25,105 ഫലസ്തീനികളാണ് ഗസ്സയിൽ ഞായറാഴ്ച വരെ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 178 പേർ കൊല്ലപ്പെടുകയും 293 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആകെ പരിക്കേറ്റവർ 62,681 ആയി. ജബലിയ അഭയാർഥി ക്യാമ്പിൽ ഉൾപ്പെടെ ആക്രമണമുണ്ടായി. ആശുപത്രികളിൽ ഇന്ധനവും മരുന്നും ഇല്ലാത്തതിനാൽ പരിക്കേറ്റവരെ ചികിത്സിക്കാൻ കഴിയുന്നില്ല. പകുതിയിലേറെ ആശുപത്രികളും പൂർണമായി പ്രവർത്തനം നിർത്തി.
Read also: ജർമനിയിൽ കുടിയേറ്റ, അഭയാർഥി വിരുദ്ധ കക്ഷികൾക്കെതിരെ പതിനായിരങ്ങൾ തെരുവിൽ
ബാക്കിയുള്ളവയിൽ അതി ഗുരുതരാവസ്ഥയിലുള്ളവർക്കു മാത്രമാണ് ചികിത്സ നൽകുന്നത്. ഭക്ഷണത്തിനും മറ്റും ക്ഷാമം ഏറിക്കൊണ്ടിരിക്കുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ രണ്ടു ഫലസ്തീനികളുടെ വീട് ഇസ്രായേൽ സൈന്യം ഞായറാഴ്ച പൂർണമായി തകർത്തു. കഴിഞ്ഞ നവംബറിൽ ചെക്പോസ്റ്റ് ആക്രമിച്ച് സൈനികനെ വധിച്ച സംഭവത്തിലെ പ്രതികളാണ് ഇവരെന്ന് ആരോപിച്ചാണ് കെട്ടിടം പൊളിച്ചത്.
തകർന്ന കെട്ടിടത്തിന് മുന്നിൽനിന്ന് വിജയചിഹ്നം ഉയർത്തിക്കാട്ടുന്ന ഫലസ്തീനി കുടുംബത്തിന്റെ ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. അതിനിടെ, യുദ്ധമാരംഭിച്ചശേഷം കൂടുതൽ ഫലസ്തീനികൾ ഹമാസിൽ ചേർന്നതായി ഇസ്രായേൽ സൈനികോദ്യോഗസ്ഥൻ ചാനൽ 12ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു