ടോക്യോ: ജപ്പാനില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും നാശനഷ്ടമുണ്ടായി.വരും ദിവസങ്ങളില്‍ കൂടുതല്‍ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വീടുകളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ചില മേഖലകളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മധ്യ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷികാവയില്‍ പ്രാദേശിക സമയം വൈകിട്ട് നാലുമണിയോടെയാണ് 7.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. പിന്നാലെ നിരവധി ചെറുചലനങ്ങളുമുണ്ടായി. ഒരാഴ്ചയോളം തുടര്‍ചലനങ്ങളുണ്ടാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി പുരോഗമിക്കുകയാണ്. 1000ഓളം രക്ഷാപ്രവര്‍ത്തകരാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. ഭവനരഹിതരായവര്‍ക്ക് സൈന്യം ഭക്ഷണവും വെള്ളവും പുതപ്പുകളും എത്തിക്കുന്നുണ്ട്.
ഭൂകമ്പത്തിന് പിന്നാലെ സൂനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ജപ്പാന് എന്ത് സഹായവും നല്‍കാൻ സന്നദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സൈന്യത്തിന് നിര്‍ദേശം നല്‍കി. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.