ന്യൂഡൽഹി ∙ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനിരയായ യുഎസ് ചരക്കുകപ്പലിനു ചെങ്കടലിൽ ഇന്ത്യൻ നാവികസേനയുടെ സഹായം. ഏഡൻ കടലിടുക്കിൽ ബുധനാഴ്ച രാത്രി 11.11നു ഡ്രോൺ ആക്രമണം നേരിട്ട എംവി ഗെൻകോ പിക്കാർഡി എന്ന കപ്പലിനാണ് മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർ കമാൻഡ് ചെയ്യുന്ന പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം സഹായമെത്തിച്ചത്. ചരക്കുകപ്പലിലെ 9 ഇന്ത്യക്കാരടക്കം 22 പേരും സുരക്ഷിതരാണ്. വിശദ പരിശോധനയ്ക്കുശേഷം കപ്പലിനു സുരക്ഷിതമായി മുന്നോട്ടുപോകാൻ സേന വഴിയൊരുക്കി.
ഇതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 14 മിസൈലുകൾ തകർത്തതായി യുഎസ് അറിയിച്ചു. ഹൂതികളെ ഭീകരരുടെ പട്ടികയിൽപെടുത്തിയ യുഎസ്, രാജ്യാന്തരതലത്തിൽ നടപടികൾ ശക്തമാക്കുകയും ചെയ്തു. മാൾട്ടയിൽനിന്നു പുറപ്പെട്ട മറ്റൊരു ചരക്കുക്കപ്പലിനു നേരെയും ഹൂതി ആക്രമണമുണ്ടായി.
ഇസ്രയേൽ – ഹമാസ് പോരാട്ടം ആരംഭിച്ചതിനു പിന്നാലെയാണ് ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകൾക്കു നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണമാരംഭിച്ചത്. ഒട്ടേറെ ഷിപ്പിങ് കമ്പനികൾ ഇതുവഴി സർവീസ് നിർത്തി. ഇന്ത്യയിലേക്കുള്ള 2 ചരക്കുകപ്പലുകളും ഈയിടെ ആക്രമിക്കപ്പെട്ടിരുന്നു. 10 പടക്കപ്പലുകൾ ഇന്ത്യ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു