മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബുധനാഴ്ചയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. യുക്രെയ്ൻ ഉൾപ്പടെ നിരവധി വിഷയങ്ങൾ ഇരുവരുംതമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചു. സുഹൃത്തായ മോദിയെ റഷ്യയിൽ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുടിൻ ജയശങ്കറിനെ അറിയിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ റഷ്യയിലെത്തിയത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.
യുക്രെയ്നിൽ എന്താണ് നടക്കുന്നതെന്ന് നിരവധി തവണ താൻ മോദിയോട് വിശദീകരിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. പ്രശ്നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ മോദി പരമാവധി സഹായം ചെയ്യുമെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ വാഗ്ദാനം ഞങ്ങൾ കൂടുതൽ പരിശോധിക്കും. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയാറാണെന്നും പുടിൻ വിദേശകാര്യമന്ത്രിയെ അറിയിച്ചു.
പുടിനുമായുള്ള ചർച്ചക്ക് പിന്നാലെ അടുത്ത വർഷം നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് ജയ്ശങ്കർ അറിയിച്ചു. റഷ്യയും ഇന്ത്യയും തമ്മിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു