ചെങ്കടലിലെ ചരക്കുനീക്കങ്ങളെ ഹൂതിയുടെ ആക്രമണങ്ങൾ പാടെ താറുമറാക്കിയതിൽ യുഎസുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ അസ്വസ്ഥരാണ്. ചരക്കുനീക്കങ്ങൾ തടസ്സമാക്കപ്പെട്ടത് എണ്ണവിലയിൽ വർദ്ധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനാണ് ചെങ്കടൽ കേന്ദ്രീകരിച്ചുള്ള ഹൂതികളുടെ റോക്കാറ്റാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള പ്രത്യേക സൈനിക കൂട്ടായ്മാ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻസ്, നോർവേ, സീഷെൽസ്, സ്പെയിൻ എന്നീ രാഷ്ട്രങ്ങളായിരിയ്ക്കും ചെങ്കടൽ സുരക്ഷാ ദൗത്യത്തിൽ പങ്കാളികളാകുകയെന്ന് ബ്രിട്ടൻ സന്ദർശന യാത്രയ്ക്കിടെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ നാവിക താവളത്തിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.
തെക്കൻ ചെങ്കടലും ഏദൻ ഉൾക്കടലും കേന്ദ്രീകരിച്ചായിരിയ്ക്കും പ്രത്യേക സൈനീക വ്യൂഹത്തിൻ്റെ സുരക്ഷാദൗത്യ നിർവ്വഹണം. കൂട്ടായ പ്രവർത്തനം ആവശ്യപ്പെടുന്ന അന്താരാഷ്ട്ര വെല്ലുവിളിയാണ് ഹൂതികളുയർത്തുന്നത്. അതുകൊണ്ട് തന്നെ ബഹുരാഷ്ട്ര സുരക്ഷാ സംരംഭം ‘ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ’ എന്ന പേരിലൊരു സുപ്രധാന കൂട്ടായ്മയ്ക്ക് രൂപം നൽകുന്നുവെന്ന് ഓസ്റ്റിൻ ഇന്ന് (2023 ഡിസം 19 ) രാവിലെ പ്രസ്താവനയിൽ പറഞ്ഞു.
40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായുള്ള ഒരു വെർച്വൽ മീറ്റിങ്ങിൽ “അശ്രദ്ധമായ ഹൂതി നടപടികളെ മറ്റു രാഷ്ട്രങ്ങളും അപലപിക്കണമെന്ന് ഓസ്റ്റിൻ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ നാവിക പാതകൾ സുരക്ഷിതമായി നിലനിർത്താനുള്ള പൊതു ശ്രമങ്ങൾക്ക് പല രാജ്യങ്ങൾക്കും നേരിട്ട് പിന്തുണ നൽകാനാകുമെന്നതിൽ യുഎസ് പ്രതിരോധ സെക്രട്ടി പ്രത്യേകം ഊന്നൽ നൽകി.
ചെങ്കടൽ മേഖലയിൽ ഇതിനകം സാന്നിദ്ധ്യമുറപ്പിച്ചിട്ടു ള്ള യുഎസ് യുദ്ധക്കപ്പലുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹൂതി മിസൈലുകളും ഡ്രോണുകളും വെടിവെച്ച് വീഴ്ത്തി. ഹൂതികളുടെ ആക്രമണത്തിനിരയായ വാണിജ്യ കപ്പലുകളുടെ സഹായത്തിനുമെത്തി യുഎസ് നാവികസേന. ഇത്തരത്തിൽ ഹൂതികളെ പ്രതിരോധിയ്ക്കുവാൻ മറ്റു രാജ്യങ്ങൾ തയ്യാറാണോയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തവസ്ഥയാണ്.
‘ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയ’ൻ്റെ ഭാഗമായി കൂടുതൽ സേനാവിന്യാസത്തിന് യുഎസിനൊപ്പമെന്നു പറയുന്ന രാജ്യങ്ങൾ തയ്യാറാകുമോയെന്നതിൽ ഉറപ്പില്ലെന്ന അവസ്ഥയുമുണ്ട്. ഇതിനിടെ, യെമൻ തലസ്ഥാനം സനയിൽ നിന്ന് 1000 മൈലിലധികം അകലെയുള്ള ഇസ്രയേലിനുനേരെ സുപ്രധാന കപ്പൽപ്പാതകളിൽ കപ്പലുകൾ ആക്രമിച്ചും ഡ്രോണുകളും മിസൈലുകളും തൊടുത്തും ഹൂതികൾ ഇസ്രായേൽ-ഹമാസ് സംഘർഷത്തിലിടപ്പെട്ടേക്കുമെന്നു സൂചനയാണ് നൽകുന്നത്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേലിനെതിരെ ഹമാസുമായി ഹൂതി കൈകോർക്കുന്നുവെങ്കിൽ മിഡിൽ ഈസ്റ്റ് പ്രതിസന്ധിയുടെ കൂടുതൽ അനുരണങ്ങൾ പേർഷ്യൻ ഉൾക്കടൽ മേഖലയിൽ കൂടി അലയടിയ്ക്കുമെന്നുതന്നെ പറയേണ്ടിയിരിയ്ക്കുന്നു.