മിസൈൽ വിക്ഷേപണങ്ങൾക്കിടയിൽ ചൈനയും ഉത്തരകൊറിയയും ഉന്നതതല കൂടിക്കാഴ്ച നടത്തി. ബീജിങിൽ വച്ചായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയും മുതിർന്ന ഉത്തരകൊറിയൻ ഉദ്യോഗസ്ഥനും തമ്മിലുള്ള ചർച്ച ( 2023 ഡിസംബർ 18 ) യെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
യുഎസിൽ എവിടെയുമെത്താൻ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈൽ പ്യോങ്‌യാങ് വിക്ഷേപിച്ചതിൻ്റെ തൊട്ടുപിന്നാലെയാണ് ചർച്ച നടന്നത്. 2023 ഡിസംബർ 17ന് രാത്രി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഡിസംബർ 18ന് ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം. തന്ത്രപരവും ദീർഘകാലവുമായ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയാണ് ചൈന എപ്പോഴും ഉത്തരകൊറിയയുമായുള്ള ബന്ധത്തെ വീക്ഷിക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ ഉപമന്ത്രി പാക് മ്യോങ് ഹോയുമായുള്ള കൂടിക്കാഴ്ചയിൽ വാങ് നടത്തിയ പരാമർശങ്ങളെ ഉദ്ധരിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പരസ്പര സഹായ – സഹകരണങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനൊപ്പം ഉഭയകക്ഷി ആശയ വിനിമയവും ഏകോപനവും ശക്തിപ്പെടുത്താൻ ബീജിങ് തയ്യാറാണെന്നും വാങ് കൂട്ടിച്ചേർത്തു. പൊതു ഉത്കണ്ഠ വിഷയങ്ങളിൽ വാങ്ങും പാക്കും വീക്ഷണങ്ങൾ പങ്കുവച്ചു. സൗഹൃദ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്ന് പ്യോങ്‌യാങ് സ്റ്റേറ്റ് മീഡിയ കെസിഎൻഎ അറിയിച്ചു. ചൈനയിലെ ഉത്തര കൊറിയൻ അംബാസഡർ റി റിയോങ് നാമും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
ഔദ്യോഗികമായി ചൈനയുടെ ഏക സഖ്യകക്ഷിയാണ് ഉത്തരകൊറിയ. മൂന്നാമതൊരു രാജ്യത്തിന്റെ ആക്രമണമോ ആക്രമണശ്രമമോ യുണ്ടായാൽ പരസ്പരം സഹായിക്കുന്നതിന് സൈനിക സഹായം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് 1961-ൽ ഒപ്പുവച്ച ഉടമ്പടിയിൽ ഇരുവരും ബാധ്യസ്ഥരാണ്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളെല്ലാം ഐക്യരാഷ്ട്രസഭയ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നിരോധിച്ചിട്ടുണ്ട്.
സ്വയം പ്രതിരോധത്തിനുള്ള പരമാധികാര അവകാശമായിയെന്ന നിലയിൽ യുഎൻ പ്രമേയങ്ങളെ അംഗീകരിയ്ക്കുവാൻ ഉത്തര കൊറിയ തയ്യാറല്ല. പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനും ചൈനയുമായുള്ള ബഹുരാഷ്ട്ര ബന്ധം ഉത്തരകൊറിയ ശക്തിപ്പെടുത്തുമെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി പ്രസ്താവിച്ചതായി ചൈനീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കൊറിയൻ ഉപദ്വീപിലെ പ്രതിസന്ധി സങ്കീർണ്ണമാണെന്നും അവ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും ചർച്ച ചെയ്യണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. സൈനിക പ്രതിരോധത്തിലൂടെയും സമ്മർദ്ദത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല പത്രസമ്മേളനത്തിൽ പറഞ്ഞു. വൈരുധ്യങ്ങളും പിരിമുറുക്കങ്ങളും കൂടുതൽ തീവ്രമാക്കിക്കൊണ്ട് അവ തിരിച്ചടിക്കുകയേയുള്ളൂ – വാങ് വെൻബിൻ വ്യക്തമാക്കി.
നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായുള്ള അപൂർവ ഔദ്യോഗിക സന്ദർശനത്തിനായാണ് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി പാക്ക് ബീജിങിലെത്തിയത്.