ജറുസലം: 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 150 പേർ. 313 പേർക്കു പരുക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 26,900 ആയി. 15 ഹമാസ് അംഗങ്ങളെ ഇന്നലെ കൊലപ്പെടുത്തിയതായും ഒരു സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന താവളം തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തലിനു ഹമാസ് മുന്നോട്ടുവച്ച 2 ഉപാധികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി. ഗാസ മുനമ്പിൽ നിന്നു സൈന്യം പൂർണമായി പിൻമാറണമെന്നും ജയിലുകളിലുള്ള ആയിരക്കണക്കിനു പലസ്തീൻകാരെ മോചിപ്പിക്കണമെന്നുമുള്ള ഉപാധികളാണ് തള്ളിയത്.
ജോർദാനിൽ യുഎസ് പട്ടാള ക്യാംപിനു നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പ് നടത്തിയ ഡ്രോൺ ആക്രമണത്തിനു യുഎസ് പകരംവീട്ടിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. 3 സൈനികർ കൊല്ലപ്പെടുകയും 40 പേർക്കു പരുക്കേൽക്കുകയും ചെയ്ത ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പലസ്തീനിലെ യുഎൻ അഭയാർഥി ഏജൻസിക്കുള്ള സഹായം നിർത്തലാക്കാനുള്ള ഏതാനും രാജ്യങ്ങളുടെ തീരുമാനം പിൻവലിക്കണമെന്നു ലോകാരോഗ്യസംഘടനയും യുനിസെഫും അടക്കമുള്ള രാജ്യാന്തര സഹായസംഘടനകൾ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിനു നടന്ന ഇസ്രയേൽ ആക്രമണത്തിൽ യുഎൻ ഏജൻസിയിലെ അംഗങ്ങളിൽ ചിലർ പങ്കെടുത്തുവെന്ന ഇസ്രയേൽ ആരോപണത്തിനു പിന്നാലെയാണ് സഹായം നിർത്തലാക്കാൻ തീരുമാനിച്ചത്.
ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന ഒളിയാക്രമണം ചെറുക്കാൻ മൂന്നാഴ്ചയ്ക്കുള്ളിൽ സംയുക്ത നാവിക സുരക്ഷ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച ഹൂതികളുടെ 8 കേന്ദ്രങ്ങളിൽ യുഎസ് – ബ്രിട്ടിഷ് സൈന്യം തിരിച്ചടിച്ചിരുന്നു. ഇന്നലെ ചരക്കുകപ്പലിനുനേരെ ഹൂതികൾ തൊടുത്ത മിസൈൽ യുഎസ് നാവിക കപ്പൽ തകർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു