ടെസ്ല ഇലക്ട്രിക് കാറുകളിലെ സസ്‌പെൻഷൻ വീഴ്ചയെക്കുറിച്ച് നോർവേ ട്രാഫിക് സുരക്ഷാ റെഗുലേറ്ററി അതോറ്റി അന്വേഷണം പ്രഖ്യാപിച്ചതായി ഏജൻസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ്.
വിപണിയിൽ ഇതിനകം വില്പന ചെയ്യപ്പെട്ട കാറുകൾ തിരിച്ചുവിളിക്കലിന് അന്വേഷണം കാരണമാകുമെന്ന് ഏജൻസി റോയിട്ടേഴ്‌സിനോട് പറഞ്ഞു. സസ്പെൻഷനിൽ ഭംഗമുണ്ടായാലത് വാഹന നിയന്ത്രണത്തെ ബാധിക്കും. നോർവീജിയൻ പബ്ലിക് റോഡ്‌സ് അഡ്‌മിനിസ്‌ട്രേഷ(എൻപിആർഎ)നാണ് ടെസ്ല കാർ നിർമ്മാണത്തിലെ അപാകതക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചത്.
ടെസ്ല മോഡൽ എസ്, എക്‌സ് പരമ്പരയിലെ വാഹനങ്ങളുടെ ലോവർ റിയർ കൺട്രോൾ സംവിധാനങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഉപഭോക്തൃ പരാതികളുയരാൻ തുടങ്ങിയ സാഹചര്യത്തിലാണ് അന്വേഷണം. 2022 സെപ്തംബറിലാണ് ടെസ്‌ലയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. പരാതികളുടെ അടിസ്ഥാനത്തിൽ പരിഹാര നടപടികൾ ടെസ്ലയോട ആവശ്യപ്പെടുകയും ചെയ്തു.
ക്രിസ്മസിന് മുമ്പായി തീരുമാനമു ണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതികൾ പരിഹരിക്കുന്നതിന് ടെസ്ല വിസമ്മതിച്ചാൽ വിറ്റ കാറുകൾ തിരിച്ചുവിളിക്കാൻ ഉത്തരവിടാൻ ഏജൻസിക്ക് അധികാരമുണ്ട്. അന്വേഷണത്തെപ്രതി പ്രതികരിയ്ക്കുവാൻ ടെസ്ല മാനേജ്മെൻ്റ് വിസമ്മതിച്ചു
എൻപിആർഎ അന്വേഷണ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം നിർമ്മാണത്തിലെ അപാകത വിലയിരുത്തി പരിഹരിക്കുകയെന്നതിനു പകരം. ഡ്രൈവർമാരെ ടെസ്ല കുറ്റപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുതിച്ചുയരുന്ന വാറന്റി ചെലവുകൾ അഭിമുഖീകരിക്കുന്ന ടെസ്ല ചെലവുകൾ ചുരുക്കുകയെന്ന ഉന്നംവച്ചാണ് നിർമ്മാണത്തിലെ അപാകത ഡ്രൈവരുമാരിലേക്ക് ചാരുന്നത്. അപാകത സമ്മതിച്ച് വാഹനങ്ങൾ തിരിച്ചുവിളിച്ചാലത് ടെസ്ലയെ വൻ ബാധ്യതയിലേക്ക് തള്ളിവിടും.
സസ്പെൻഷൻ പോലുള്ള കൺട്രോൾ സംവിധാനങ്ങൾ പൊടുന്നനെ കേടുവരുന്നതു സംബ്ബന്ധിച്ച് 2022-ൽ നോർവേ ഏജൻസിക്ക് ലഭിച്ചത് 10-ലധികം ഉപഭോക്തൃ പരാതികളാണ്.കമ്പനിയുടെ ഏറ്റവും വലിയ യൂറോപ്യൻ വിപണികളിലൊന്നായ നോർവേയിൽ ടെസ്ല വാഹനങ്ങളുടെ കൺട്രോൾ സംവിധാന പരാജയങ്ങൾ സ്ഥിരമായ പ്രശ്നമാണെന്നാണ് റോയിട്ടേഴ്‌സ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രശ്നം പരിഹരിക്കുവാൻ നടപടിയെടുക്കുന്നതിന് പകരം ടെസ്ല ഉടമ എലോൺ മസ്ക്ക് നോർവേ റെഗുലേറ്ററി ഏജൻസിയെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറ്റാവൂന്നത് എന്തെങ്കിലും ചെയ്തുകൊള്ളുകയെന്നതാണ് ഉടമയുടെ വെല്ലുവിളി.
2013-ൽ നോർവേ വിപണിയിലെത്തിയ ടെസ്ല വൈദ്യുത വാഹനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ടെസ്ല വിപണിയിൽ ആധിപത്യം സ്ഥാപിച്ചു. നോർവീജിയൻ റോഡ് ഫെഡറേഷൻ ഡാറ്റ പറയുന്നത് നോർവേയിൽ ഇതിനകം 123642 ടെസ്‌ല കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. ഏകദേശം 120000 ഇപ്പോഴും റോഡിലുണ്ട്.
നോർവേ വാഹന സുരക്ഷ ഏജൻസി തിരിച്ചുവിളിക്കൽ ശുപാർശ ചെയ്യുകയോ ഉത്തരവിടുകയോ ചെയ്താലത് യൂറോപ്യൻ യൂണിയൻ്റെ വാഹന സെഫ്റ്റി മാർഗ നിർദ്ദേശങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടും. ടെസ്ല കാറുകളുടെ നിർമ്മാണ ഗുണനിലവാര തകർച്ചയെന്ന റിപ്പോർട്ട് യൂറോപ്യൻ യൂണിയനിലേക്ക് പരക്കുന്നതോടെയത് ടെസ്ല കാർ വിപണിയെ ഗുരുതരമായി ബാധിച്ചേക്കും.