×

പിഎംഎൽഎൻ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പ്രഖ്യാപനം; പാക്കിസ്ഥാനിൽ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫ്

google news
s
 

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ദേശീയ തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് പാകിസ്താൻ മുസ്‌ലിം ലീഗ് (എൻ) നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ശരീഫ്. തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഏറ്റവും വലിയ പാർട്ടിയായെന്നും സഖ്യസർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്ര സീറ്റ് അദ്ദേഹത്തിന്റെ പാർട്ടി നേടിയെന്ന് വ്യക്തമാക്കിയില്ല. 265 സീറ്റുകളിൽ ചിലതിൽ ഇപ്പോഴും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്.


രാജ്യത്തിന്‍റെ സ്ഥിരതയ്ക്ക് പുതിയ സര്‍ക്കാര്‍ വരണമെന്നും സ്വതന്ത്രരടക്കം എല്ലാവരുടെയും വിജയം അംഗീകരിക്കുന്നുവെന്നും പിഎംഎൽഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  നവാസ് ഷെരീഫ് പറഞ്ഞു. ബിലാവൽ ഭൂട്ടോയുടെ പിപിപിയുമായി ചർച്ച നടത്തുമെന്നും നവാസ് ഷരീഫ് അറിയിച്ചു. പകുതിയോളം സീറ്റുകളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്ത് വന്നപ്പോഴും ഇമ്രാന്റെ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിൽ. 

ഏറ്റവും ഒടുവിൽ വോട്ടെണ്ണലിന്റെ ഫലം വരുമ്പോൾ 43 സീറ്റുകളാണ് പിഎംഎൽ എൻ നേടിയിട്ടുള്ളത്. സർക്കാർ രൂപീകരിക്കാൻ വേണ്ട 133 എന്ന സംഖ്യയിൽനിന്ന് എത്രയോ പിറകിലാണ് പാർട്ടി. എന്നാൽ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പിടിഐ) പിന്തുണക്കുന്ന സ്ഥാനാർത്ഥികൾ -59, പിപിപി (പി) -34, ജെയുഐ (എഫ്) -1, മറ്റുള്ളവർ -14 എന്നിങ്ങനെ സീറ്റ് നേടിയതായാണ് റിപ്പോർട്ടുകൾ.
 
ലഹോറിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫ് വിജയിച്ചെന്നാണ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ‌ പ്രഖ്യാപിച്ചിരുന്നു. നാഷനൽ അസംബ്ലി 123ൽ ഷെഹ്ബാസ് ഷെരീഫ് 63,953 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ഇമ്രാൻ ഖാൻ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി അഫ്സൽ അസീം 48,486 വോട്ടുകൾ നേടി. അതേസമയം, ഇമ്രാൻ ഖാന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ ഖൈബർ പഖ്തൂൺഖ്വയിൽനിന്നും 18,000ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. പിടിഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി ഫസൽ ഹക്കീം ഖാന്‍ 25,330 വോട്ടുനേടി വിജയിച്ചു. സ്വാത്ത് പി.കെ നാലു മണ്ഡലത്തിൽ പിടിഐ പിന്തുണയുള്ള അലിഷായും വിജയിച്ചു.
  
47 സീറ്റുകളിൽ ലീഡ് നേടിയതോടെ പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ മുന്നിലാണെന്ന് അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടി (പിടിഐ) രംഗത്തെത്തി. ജനവിധി എതിരാളികൾ അംഗീകരിക്കണമെന്നു പിടിഐ അഭിപ്രായപ്പെട്ടു. ഇമ്രാന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ആവേശത്തിലായ പാർട്ടി പ്രവർത്തകർ രാജ്യത്തു പലയിടത്തും ആഘോഷം തുടങ്ങി. ഫലം വൈകുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ചു രാഷ്ട്രീയ പാർട്ടികൾ‌ രംഗത്തെത്തി.

Read More...