മോസ്‌കോ: ഇസ്രായേലിന്റെ അന്ത്യം അടുത്തെന്നും, ഏറെ വൈകാതെ മധ്യേഷ്യ വലിയ യുദ്ധത്തിന് സാക്ഷിയാകുമെന്ന് റഷ്യൻ പ്രസിഡണ്ടിന്റെ അടുത്ത സുഹൃത്തും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ അലക്‌സാണ്ടർ ദഗിൻ. സമ്പൂർണ വിനാശമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പുടിന്റെ മസ്തിഷ്‌കം എന്നറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അലക്‌സാണ്ടർ ദഗിൻ.
‘മധ്യേഷ്യയിൽ വലിയ യുദ്ധമുണ്ടാകും. കുറച്ചു താമസിക്കാം. എന്നാലുമുണ്ടാകും. ഹൂതികൾ നിർത്തില്ല. ചെങ്കടലിലേക്ക് ഇനി കപ്പലുകൾ പ്രവേശിക്കില്ല. എണ്ണ വില കുതിച്ചുകയറും. പ്രകോപനങ്ങൾക്ക് റഷ്യ മറുപടി നൽകും. ഇസ്രായേലിന്റെ തകർച്ച അനിവാര്യമാണ്. അതിനെ നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ വിളിച്ചോളൂ. നമ്മളതിനെ അവസാന സമയം എന്നു വിളിക്കും. സമ്പൂർണ നാശം ഇപ്പോഴാണ്. ഇപ്പോൾ അല്ലെങ്കിൽ കുറച്ചു മാത്രം കഴിഞ്ഞ്. ഇപ്പോഴുണ്ടാകില്ലായിരിക്കാം. എന്നാൽ ഉടനെയുണ്ടാകും.’
നവംബർ ഏഴിന് അറബ് പത്രമായ അൽ മജല്ലയിലെഴുതിയ ലേഖനത്തിനും ദഗിൻ സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ‘വലിയൊരു മാറ്റത്തിന്റെ വക്കിലാണ് ആഗോള ക്രമം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഉരുവം കൊണ്ട ഏകധ്രുവത്തിൽനിന്ന് ബഹുധ്രുവത്തിലേക്ക് ലോകം മാറും. റഷ്യ, ചൈന, ഇസ്‌ലാമിക ലോകം, ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ പ്രധാനികളുടെ വരവ് അഭൂതപൂർവ്വമായ രീതിയിൽ സ്പഷ്ടമാണ്. വൈവിധ്യമായ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഇവ.’ – അദ്ദേഹമെഴുതി.
READ ALSO….ബിജെപിക്കൊപ്പം പോയ ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരേണ്ട; ഒറ്റക്ക് നില്‍ക്കാൻ കേരള ജെഡിഎസ്
ഗസ്സയിലെ യുദ്ധത്തെ കുറിച്ച് ദഗിൻ കുറിച്ചതിങ്ങനെ; ‘ഹമാസിന്റെ ആക്രമണവും ഇസ്രായേലിന്റെ തിരിച്ചടിയും അംഗീകൃത മാനുഷിക കൽപനകൾക്ക് അകത്ത് നിൽക്കുന്നവയല്ല. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണ്. പടിഞ്ഞാറും ഇസ്‌ലാമിക ലോകവും തമ്മിലുള്ള വിശാലമായ ഏറ്റുമുട്ടലിലേക്ക് ഈ ആക്രമണം കാരണമായി. വ്യക്തമായ ആക്രമണങ്ങൾ ഉണ്ടായിട്ടും ഇസ്രായേലിന് ലഭിക്കുന്ന ഏകപക്ഷീയവും നിരുപാധികവുമായ പിന്തുണ ഈ ഏറ്റുമുട്ടലിനെ സാധൂകരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഐക്യം അനിവാര്യമാണ്. ഫലസ്തീൻ വിഷയം അതിനെ ഏകോപിപ്പിക്കുന്ന നിമിത്തമായി മാറും. സുന്നി, ഷിയ, തുർക്, ഇറാനിയൻ, യമൻ, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘർഷത്തിൽ ഉൾപ്പെട്ട ഗ്രൂപ്പുകൾ എന്നിവരെല്ലാം ഇക്കാര്യത്തിൽ ഒന്നിക്കും. യുഎസ്, യൂറോപ്പ്, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ താമസിക്കുന്ന മുസ്ലിംകളും നിസ്സംഗരായിരിക്കില്ല. രാഷ്ട്രീയ അസാദൃശ്യങ്ങൾ ഉണ്ടായിരിക്കെത്തന്നെ തങ്ങളുടെ അന്തസ്സ് കാക്കാൻ ഗസ്സയിലെയും ഫലസ്തീനിലെയും ജോർദാൻ നദീമേഖലയിലെയും ഫലസ്തീനികൾ ഒന്നിക്കും.’
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു