‘ ഇസ്രായേലിന്റെ തീതുപ്പുന്ന ബോംബുകൾക്ക് ഇരയായി കൊല്ലപ്പെട്ടില്ലെങ്കിൽ ഉറപ്പായും പട്ടിണി മൂലം മരിക്കും, എങ്ങനെയാണെങ്കിലും മരണം ഉറപ്പാണ്’; റാഫയിലെ അൽ-മവാസി അഭയാർത്ഥി കേന്ദ്രത്തിൽ എത്തിയ ഫലസ്തീൻ ജനത പറയുന്നു. മെഡിറ്ററേനിയൻ തീരത്തെ അൽ- മവാസിയെ സുരക്ഷിതകേന്ദ്രമായി ഇസ്രായേൽ പ്രഖ്യാപിച്ചതിനാൽ ആളുകൾ കൂട്ടത്തോടെ ഇവിടേക്ക് നീങ്ങുകയാണ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം അറുതിയില്ലാതെ തുടരുമ്പോൾ ബാക്കിയായ ജീവനുകൾ സുരക്ഷ തേടി അൽ-മവാസിയിലേക്ക് കൂട്ടത്തോടെ വന്നിറങ്ങി.
എന്നാൽ, അഭയം തേടിയെത്തിയവരെ കാത്തിരുന്നത് മറ്റൊരു കാഴ്ചയാണ്. എങ്ങും വിശപ്പും ദാഹവും മാത്രം. നിർത്താതെ കരയുന്ന കുഞ്ഞുങ്ങളും, കൈ തലയിൽ താങ്ങിയിരിക്കുന്ന മുതിർന്നവരും. അഭയാർത്ഥികളെ വഹിച്ചുകൊണ്ടുള്ള വാഹനം വന്നു നിന്നയുടൻ എവിടെ നിന്നൊക്കെയോ ആളുകൾ വാഹനം വളഞ്ഞു. തങ്ങൾക്കുള്ള ഭക്ഷണവും സഹായവുമായി വന്ന വാഹനമാണെന്ന് കരുതിയാണ് ആളുകൾ ഓടിയടുത്തത്.
അൽ-മവാസിയിൽ അഭയം പ്രാപിച്ചവരുടെ എണ്ണം 50,000-ത്തിലധികം വരും. ടെന്റുകൾ സ്ഥാപിച്ചാണ് ആളുകൾ കഴിയുന്നത്. ഒരിഞ്ച് സ്ഥലം പോലും ഇവിടെയിനി ബാക്കിയില്ല. ഒരു മനുഷ്യന് അതിജീവിക്കാൻ വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. അൽ മവാസിയിൽ സ്വന്തമായി ഭൂമിയുള്ളവർ അത് ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഗസ്സയിൽ നിന്ന് ഒഴിപ്പിക്കുന്നവർക്ക് വാടകക്ക് നൽകുകയോ വിൽക്കുകയോ ചെയ്യുന്നു.
സ്ഥിതി ഏറെ പരിതാപകരമാണ്. ആഹാരമില്ല, രണ്ടുദിവസമായി ഇവിടെയുള്ളവർ ഭക്ഷണം കഴിച്ചിട്ട്. നല്ല തണുപ്പും ശക്തമായ കാറ്റുമുള്ള കാലാവസ്ഥ. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ കഴിയുന്ന വളരെ ചെറിയ ടെന്റുകളിൽ ആളുകൾ കൂട്ടത്തോടെ താമസിക്കുന്നു. മഴ പെയ്താൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഒരു ദിവസം പോലും അതിജീവിക്കാനാകുമെന്ന പ്രതീക്ഷ ഇവിടെ കഴിയുന്നവർക്കില്ല. ടെന്റുകളിൽ കഴിയുന്നവർ തന്നെ ആഹാരവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഓരോ ദിവസവും ഗസ്സയിൽ നിന്ന് നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
ആഹാരത്തിനായി യുഎൻ സഹായ ട്രക്കുകൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇരുട്ടായി കഴിഞ്ഞാൽ തെരുവുകളിൽ കൊള്ളയും അക്രമവും നടക്കുന്നതായും യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.