നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനംവകുപ്പ് നോട്ടീസ് നൽകും. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി.
തൃശൂർ ഡി.എഫ്.ഒയ്ക്ക് മുന്നിൽ ആഭരണം ഹാജരാക്കാൻ നിർദേശിക്കും. മാലയിൽ ഉപയോഗിച്ചിരിക്കുന്നത് യഥാർത്ഥ പുലിപ്പല്ലാണോ അതോ മറ്റെന്തെങ്കിലും വസ്തുവാണോ എന്ന് പരിശോധിക്കുന്നതിനാണ് നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്.
നേരത്തേ, റാപ്പർ വേടൻ ധരിച്ച മാലയിൽ ഉണ്ടായിരുന്നത് പുലിപ്പല്ലാണെന്ന പേരില്‍ അദ്ദേഹത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്ന് സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ പൊലീസിനെയും വനം വകുപ്പിനെയും സമീപിക്കുകയായിരുന്നു. തുടർന്നാണ് പരാതി പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.