എഴുത്തുകാരനും ചിന്തകനുമായ കെ എം സലിംകുമാറിന്റെ മരണത്തെ തുടര്‍ന്ന് ദലിത് സംഘടനകള്‍ നടത്തിവരുന്ന അനുസ്മരണങ്ങള്‍ പലതും കെ എം സലിംകുമാര്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള പേക്കൂത്തുകളായി മാറുകയാണ്. ദലിത് ചിന്തകരിലും ബുദ്ധിജീവികളിലും എഴുത്തുകാരിലും ഏറെ വ്യത്യസ്തനും സ്വതന്ത്രമായ ചിന്തയും വേറിട്ട രചനാ വൈഭവവും കൊണ്ട് പൊതുസമൂഹത്തിനും ഏറെ പ്രിയങ്കരനായിരുന്നു കെ എം സലിംകുമാര്‍. അദ്ദേഹത്തെ ഒരിക്കലും ഒരു ദലിത് ചിന്തകനായി ആരും മുദ്രകുത്തിയിരുന്നില്ല. നിലപാടുകളിലെ വ്യത്യസ്തമായ ആശയ പ്രപഞ്ചം കൊണ്ട് സലിംകുമാര്‍ പൊതു ജീവിതത്തിലും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറെ വ്യത്യസ്തനായിരുന്നു.
മാതൃകാപരമായ സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും അദ്ദേഹം നയിച്ചുപോന്നു. ഒരു പക്ഷേ കേരളത്തിലെ ദലിത് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സലിംകുമാറിനെപ്പോലെ മാതൃകാപരമായ ഒരു സാമൂഹ്യജീവിതം ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും. ധൈക്ഷ്ണീകരംഗത്ത് അദ്ദേഹം പകര്‍ന്നുതന്ന ചിന്താധാര ഏറെ പ്രശംസനീയമായിരുന്നു. അദ്ദേഹം ആദിവാസികള്‍ക്കും ദലിതര്‍ക്കുമൊപ്പം സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് സാമൂഹ്യരാഷ്ട്രീയ ജീവിതം നയിച്ചത്. ജാതിരഹിത സമൂഹമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അധ:സ്ഥിത മുന്നേറ്റത്തിന്റെ ചിന്താ നേതൃത്വമാണ് അദ്ദേഹം വഹിച്ചുപോന്നത്. രാഷ്ട്രീയത്തിലെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ എന്നുപോലും മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.
അധ:സ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989 ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ടാണ് കെ എം സലിംകുമാര്‍ ദലിത് സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചത്. ജീവിതം സ്വയം ഡിസൈന്‍ ചെയ്തയാളായിരുന്നു അദ്ദേഹം. എല്ലാക്കാര്യത്തിലും സ്വന്തമായ തീരുമാനം ഉണ്ടായിരുന്നു. അത് ജീവിതസഖിയോടും അവരുടെ വേര്‍പാടിന് ശേഷം മക്കളോടും പറഞ്ഞിരുന്നു. തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പോലും അദ്ദേഹം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്പോഴും മകളുടെ പക്കല്‍ എഴുതി നല്‍കിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്നും തന്റെ വിയോഗത്തെ മക്കള്‍ എങ്ങനെ നേരിടണമെന്നും പേരക്കുട്ടികള്‍ നിലവിളിച്ചാല്‍ അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പോലും അദ്ദേഹം മകളോട് പറയുകയും എഴുതി നല്‍കുകയും ചെയ്തിരുന്നു.
മരിച്ച് കഴിഞ്ഞാല്‍ പൊതുവെ ദലിത് സമൂഹത്തില്‍ കാണുന്ന തരത്തിലുള്ള മരണവീട്ടിലെ പേക്കൂത്തുകള്‍ തന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്നും സലിംകുമാര്‍ മക്കളോട് പറഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ മരണാനന്തരം അദ്ദേഹത്തിന്റെ ഇടുക്കിയിലെ വീട്ടില്‍ നടന്ന മരണാനന്തര ചടങ്ങുകളില്‍ ദലിത് സംഘടനാ പ്രവര്‍ത്തകരുടെ പേക്കൂത്തുകളാണ് അരങ്ങേറിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് മുന്നില്‍ സംഘടനാ നേതാക്കള്‍ മണിക്കൂറുകള്‍ നീണ്ട ഗിരിപ്രഭാഷണങ്ങള്‍ നടത്തി ആ കുടുംബത്തെയും അദ്ദേഹത്തിന്റെ ബന്ധുക്കളെയും അപമാനിക്കുകയായിരുന്നു.
തുടര്‍ന്നുവരുന്ന അനുസ്മരണ സമ്മേളനങ്ങളിലും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അനുസ്മരണങ്ങളിലും അദ്ദേഹം എന്താണോ ഉപേക്ഷിച്ചത് അതെല്ലാം അദ്ദേഹത്തിന്റെ തലയില്‍ ചൊരിയുന്ന പേക്കൂത്തുകളാണ് ദലിത് സംഘടനകള്‍ ചെയ്യുന്നത്. വര്‍ഷങ്ങളായി ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കും ദലിത് ചിന്തകര്‍ക്കും കെ എം സലിംകുമാര്‍ അനഭിമതനായിരുന്നു. അദ്ദേഹത്തിന് പല തരത്തിലും അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവസാന നാളുകളില്‍ അദ്ദേഹം ഏറെ മനോവിഷമത്തിലുമായിരുന്നു. 2012 മാര്‍ച്ച് 18 നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍(2012 മാര്‍ച്ച് – 18 – കെ.എം. സലിംകുമാര്‍ – പി.ആര്‍. സുമേരന്‍) കെ എം സലിംകുമാറിന്റെ വിവാദമായ അഭിമുഖം പുറത്തുവരുന്നത്.
കേരളത്തിലെ ദലിതുകള്‍ വെറും ചത്ത മീനുകളാണ്. ‘ജീവനുള്ള മീനുകള്‍ ഒഴുക്കില്‍ യഥേഷ്ടം നീന്തി നടക്കുമ്പോള്‍ ചത്ത മീനുകള്‍ ഒഴുക്കില്‍ അലക്ഷ്യമായി ഒഴുകുകയാണ്’. സലിംകുമാര്‍ അഭിമുഖത്തില്‍ ഇങ്ങനെയാണ് ചൂണ്ടിക്കാട്ടിയത്. ദലിത് സാമൂഹ്യ അവസ്ഥയെ സലിംകുമാര്‍ ചത്ത മീനുകളായി ഉപമിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. പക്ഷേ വര്‍ഷങ്ങള്‍ക്കുമുമ്പ് സലിംകുമാര്‍ പറഞ്ഞ അതേ ചത്ത മീനുകളാണ് ഇപ്പോഴും അദ്ദേഹത്തിന്റെ മരണം പേക്കൂത്തായി ആഘോഷിക്കുന്നത്. മദ്യപാനമോ പുകവലിയോ മറ്റ് ദുശീലങ്ങള്‍ ഒന്നുമേ സലിംകുമാറിന് ഉണ്ടായിരുന്നില്ല. നുണ പറയരുത് അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആരെയും എളിമയോടെ സ്വീകരിക്കുന്ന മനോഭാവം അദ്ദേഹം പുലര്‍ത്തിയിരുന്നു.
ജീവിത്തിലുടനീളം സത്യസന്ധനായി ജീവിച്ചുമരിച്ച് വരുന്ന തലമുറയ്ക്ക് പോലും മാതൃകാപരമായ ഒരു ജീവിതം സൃഷ്ടിച്ച സലിംകുമാറിന്റെ പോരാട്ടം നിറഞ്ഞ ജീവിതത്തെയാണ് ദലിത് സംഘടനകള്‍ അപമാനിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ദേഹം വലിച്ചെറിഞ്ഞ ചില നിലപാടുകളും ജീവിത അവസ്ഥകളും ഉണ്ട്. അതിനെയെല്ലാം വീണ്ടും കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ആത്മാര്‍ത്ഥതയില്ലാത്ത അനുസ്മരണങ്ങളില്‍ നിന്ന് ദലിത് സംഘടനകള്‍ പിന്മാറുകയാണ് നല്ലത്. മരണാന്തരമെങ്കിലും കെ എം സലിംകുമാറിനോട് അവഗണന കാട്ടാതിരിക്കാന്‍ ദലിത് സംഘടനകള്‍ തയ്യാറാവുക. ആ കുടുംബത്തെ ഓര്‍ത്തെങ്കിലും സലിംകുമാര്‍ ചൂണ്ടിക്കാട്ടിയ പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.
ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്തു മാണിക്കന്റെ
യും കോതയുടെയും മകനായി 1949 മാര്‍ച്ച് 10ന് സലിം കുമാര്‍ ജനിച്ചത്. കൊലുമ്പന്‍ പുത്തന്‍പുരയ്ക്കല്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍. പി. സ്‌കൂള്‍, പൂച്ചപ്ര, അറക്കുളം യു.പി. സ്‌കൂള്‍, മൂലമറ്റം ഗവര്‍മെന്റ് ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
1969ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് രണ്ടു പതിറ്റാണ്ട് കാലം സി. ആര്‍. സി, സി.പി.ഐ.(എം.എല്‍) പ്രസ്ഥാനത്തിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. 1975 ല്‍ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയില്‍വാസം. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തില്‍ 1989ല്‍ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് സംഘടന പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കണ്‍വീനര്‍), ദലിത് ഐക്യ സമിതി (സംസ്ഥാന കണ്‍വീനര്‍), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു.
നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്ത് രക്ത പതാക മാസിക, ദലിത് സംഘടന പ്രവര്‍ത്തന കാലത്ത് അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക എന്നിവയുടെയും എഡിറ്റര്‍ ആയിരുന്നു. കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നെഗ്രിറ്റിയൂഡ്’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നുവെങ്കിലും രോഗബാധിതനായതിനെ തുടര്‍ന്ന് അത് തുടരാനായില്ല.
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണ
വും(2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും [എഡിറ്റര്‍] (2008) നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ ( 2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ
സൂക്ഷ്മതലങ്ങള്‍ (2021) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. ‘കടുത്ത’ എന്ന പേരിലുളള ആത്മകഥാ രചനയില്‍ ആയിരുന്നു.
CONTENT HIGH LIGHTS; K.M. Salimkumar’s death and the ‘panic’ of Dalit organizations: P.R. Sumeran writes