കാന്താരയ്ക്ക് മുമ്പ് വരെ താൻ ചെയ്തതിൽ വച്ചേറ്റവും വലിയ ബഡ്ജറ്റ് ചിത്രം മൂന്നര നാല് കോടിയുടേതായിരുന്നുവെന്നും ആദ്യമായി 14-15 കോടി രൂപയിൽ ഒരുക്കിയ കാന്താരയുടെ ബഡ്ജറ്റ് വലിയ സമ്മർദ്ദമായിരുന്നുവെന്നും നടൻ ഋഷഭ് ഷെട്ടി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം. 450 കോടി നേടിയ കാന്താരയുടെ ബോക്സോഫീസ് കളക്ഷൻ ഭേദിച്ച് 1000 കോടി നേടുമോ കാന്താര ചാപ്റ്റർ 1 എന്ന ചോദ്യത്തിനാണ് ഋഷഭ് മറുപടി നൽകിയത്.
“ബോക്സോഫീസിലെ നമ്പർ ഗെയിം എന്നെ ആകർഷിക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ഉള്ള ചിത്രം അന്ന് കാന്താരയായിരുന്നു. ഒരു നായകനായും സംവിധായകനായും അത്രയും വലിയ ബഡ്ജറ്റുള്ള സിനിമകളിൽ ഞാൻ പ്രവർത്തിച്ചിരുന്നില്ല. ഒരു മൂന്നര-നാല് കോടി അതായിരുന്നു ഞാൻ ചെയ്തതിൽ വച്ചേറ്റവും കൂടിയ ബഡ്ജറ്റ്.
ആദ്യമായി 14-15 കോടി പടം എന്നത് എനിക്ക് വലിയ സമ്മർദ്ദം തന്നെയായിരുന്നു. കാന്താരയുടെ റിലീസിന് ശേഷം എല്ലാവരും ഇത് ചെറിയ ബഡ്ജറ്റ് സിനിമ എന്നാണ് പറഞ്ഞിരുന്നത്. കാരണം അത് ബോക്സോഫീസിൽ നേടിയ കളക്ഷൻ 400-450 കോടിയായിരുന്നു, അത് വച്ചാണ് കാന്താര ഒരു ചെറിയ ബഡ്ജറ്റ് ചിത്രമാണ് എന്ന് പറഞ്ഞിരുന്നത്. പക്ഷേ എനിക്ക് വലിയ ടെൻഷനായിരുന്നു,. ഈ നമ്പർ ഗെയിമിന്റെ ഭാഗമാകാൻ അങ്ങനെ എപ്പോഴും സാധിക്കില്ല.
500 കോടി ക്ലബ്, ആയിരം കോടി ക്ലബ് എന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് പ്രേക്ഷകരുടെ ക്ലബിന്റെ ഭാഗമായാൽ മതി. ഞങ്ങൾക്ക് ഒരു സിനിമ നിങ്ങൾക്ക് നൽകാനാകും എന്നാലത് വലുതോ ചെറുതോ ആക്കുന്നത് നിങ്ങളാണ്. കാന്താര, സു ഫ്രം സോ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ലോക എന്ന സിനിമ മലയാളവും കടന്ന് ലോകത്തുടനീളം ചർച്ചയായി മാറിയതും നിങ്ങൾ കണ്ടതല്ലേ. എല്ലാം പ്രേക്ഷകരുടെ കയ്യിലാണ്.
കാന്താരയെ നിങ്ങൾ ലോകവ്യാപകമായി സ്വീകരിച്ചെങ്കിലും അതിന്റെ സമ്മർദ്ദം ഞാൻ കൊണ്ടുനടന്നാൽ അത് ആ സിനിമയോട് ചെയ്യുന്ന അനീതിയാകും. പകരം അത് ഒരു ഉത്തരവാദിത്തമായി കണ്ട് കുറേക്കൂടി കഠിനപ്രയത്നം ചെയ്ത്, അതിനുള്ള പരിശ്രമങ്ങൾ എടുത്ത് നിങ്ങൾക്ക് ഒരു നല്ല സിനിമ തന്നെ വീണ്ടും നൽകണം. കാന്താര 2-ൽ ഞങ്ങളെല്ലാം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. മൂന്ന് വർഷം ഈ സിനിമയ്ക്കായി ഞങ്ങൾ ഞങ്ങളെ നൽകി. ഇനി നിങ്ങളാണ് പറയേണ്ടത്”. ഋഷഭ് പറയുന്നു.
















