Travel

കൊച്ചിയിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ യാത്ര തുടങ്ങി; ബുക്ക് ചെയ്യാൻ…

മഴ നനഞ്ഞ് കൊച്ചിയുടെ വൈബ് ആസ്വദിക്കണോ ? അതും ഡബിൾ ഡെക്കർ ബസിൽ ? എങ്കിലിതാ സുവർണ്ണാവസരമൊരുക്കി കെഎസ്ആർടിസി. ബജറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ‘നഗരക്കാഴ്ചകൾ’ എന്ന പേരിൽ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു.

ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു തോപ്പുംപടി കോപ്റ്റ് അവന്യു വോക് വേ, ഗോശ്രീ പാലം എന്നിവിടങ്ങളിൽ നിന്നു പ്രകൃതിഭംഗിയും കൊച്ചി നഗരത്തിന്റെ രാത്രിക്കാഴ്ചകളും ആസ്വദിക്കാം.

ബുക്കിങ്ങിന്

ഡബിൾ ഡെക്കർ യാത്ര onlineksrtcswift.com എന്ന സൈറ്റ് വഴിയോ നേരിട്ടു സ്റ്റാൻഡിലെത്തിയോ ബുക്ക് ചെയ്യാം. സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം ‘കൊച്ചി സിറ്റി റൈഡ്’ ഗോയിങ് ടു ‘കൊച്ചി’ എന്ന് എന്റർ ചെയ്താണു സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 9961042804, 9447223212 എന്ന നമ്പറുകൾ വഴി ഫോണിലൂടെയും സീറ്റുകൾ ഉറപ്പിക്കാം. മുകളിലെ സീറ്റിനു 300 രൂപയും താഴെയുള്ള സീറ്റിനു 150 രൂപയുമാണു നിരക്ക്. വൈകിട്ട് 5നാണു ട്രിപ്പ് തുടങ്ങുന്നത്.

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽനിന്നു വൈകിട്ട് 5 മണിക്ക് പുറപ്പെട്ട് തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ കാണാം.

‘ആഹാ വെറും 34 വർഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തൻ വണ്ടി ആണല്ലോ. ഇതോടെ കൊച്ചിയിൽ കെഎസ്ആർടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാൻഡും’– എന്നാണ് ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളിൽ ട്രാൻസ്പേരന്റ് ഷീറ്റ് കവർ ചെയ്താൽ നന്നായിരിക്കും’ എന്ന പ്രായോഗികബുദ്ധി ഉപദേശിക്കുന്നവരുമുണ്ട്. എന്നാൽ ഏതു മഴക്കാലത്തും ഈ യാത്ര കാൻസൽ ആകില്ല എന്നാണ് കെഎസ്ആർടിസി പറയുന്നത്, മഴക്കാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് റെയിൻ കോട്ടും കുടയും ഉപയോഗിച്ച് മഴക്കാഴ്ചകൾ ആസ്വദിക്കാമെന്നാണ് ഓഫിഷ്യൽസിന്റെ മറുപടി.