ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഒരു പലഹാരമാണ് ദിൽഖുഷ്. ഒറ്റക്കാഴ്ചയിൽ ബൺ ആണെന്നു തോന്നാം. എന്നാൽ ഉള്ളിലാണ് രഹസ്യം ഒളിഞ്ഞിരിക്കുന്നത്. തേങ്ങയും ഡ്രൈ ഫ്രൂട്സും ചേർന്ന തേനൂറുന്ന മധുരമാണിതിന്. ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം.
ചേരുവകള്‍
പാൽ- 1/4 കപ്പ്
പഞ്ചസാര- 1 ടീസ്പൂൺ
യീസ്റ്റ്- 1 ടീസ്പൂൺ
എണ്ണ- 2 ടേബിൾസ്പൂൺ
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഉപ്പ്- 1/2 ടീസ്പൂൺ
പാൽ- 1/2 കപ്പ്+2 ടേബിൾസ്പൂൺ
മൈദ- 2 കപ്പ്
തേങ്ങ- 1/2 കപ്പ്
ടൂട്ടി ഫ്രൂട്ടി- 1/2 കപ്പ്
ചെറി- 1 /2 ടേബിൾസ്പൂൺ
ഏലയ്ക്ക- 4
പഞ്ചസാര- 21/2 ടേബിൾസ്പൂൺ
പാൽപ്പൊടി- 1 ടേബിൾസ്പൂൺ
വെണ്ണ- 1 ടേബിൾസ്പൂൺ
പാൽ- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് കാൽ കപ്പ് ചെറുചൂടുള്ള പാലെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്തിളക്കി യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വെയ്ക്കാം. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അര കപ്പ് പാൽ ഒഴിച്ചിളക്കാം. ഒപ്പം രണ്ട് കപ്പ് മൈദ ചേർത്ത് കട്ടകളില്ലാതെ ഇളക്കാം. രണ്ട് ടേബിൾസ്പൂൺ പാൽ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം കൈ ഉപയോഗിച്ച് കുഴച്ച് മാവ് തയ്യാറാക്കാം. മുകളിൽ അൽപ്പം എണ്ണ പുരട്ടി അടച്ച് മാറ്റി വെയ്ക്കാം.
തുടർന്ന് മറ്റൊരു ബൗളിൽ അര കപ്പ് തേങ്ങ ചിരകിയതെടുക്കാം. അതിലേയ്ക്ക് അര കപ്പ് ടൂട്ടി ഫ്രൂട്ടിയും, അര ടേബിൾസ്പൂൺ ഉണങ്ങിയ ചെറിപ്പഴവും, ഏലയ്ക്ക ചേർത്ത് പൊടിച്ച രണ്ടര ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്തിളക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ പാൽപ്പൊടിയും ഒരു ടേബിൾസ്പൂൺ വെണ്ണ അലിയിച്ചതും ഒരു ടേബിൾസ്പൂൺ ചെറുചൂടുള്ള പാലും ചേർത്ത് യോജിപ്പിക്കാം.
അടച്ചു വച്ചിരിക്കുന്ന മാവ് തുറന്ന് രണ്ട് ഭാഗങ്ങളാക്കി പരത്താം. അധികം കട്ടി കുറയ്ക്കാതെ വേണം പരത്താൻ. ഇതിനു മുകളിലേയ്ക്ക് തയ്യാറാക്കിയ സ്റ്റഫിങ് മിശ്രിതം വെയ്ക്കാം. ശേഷം മാവിൻ്റെ രണ്ടാമത്തെ ഭാഗം പരത്തി അതിനു മുകളിൽ വെച്ച് അരികുകൾ ഒട്ടിച്ച് അടയ്ക്കാം. ഇത് ഓവനിൽ വച്ചോ കുക്കർ ബേക്ക് ചെയ്തോ തയ്യാറാക്കാം. ബേക്ക് ചെയ്തെടുത്താൽ അൽപ സമയം തണുക്കാൻ വെയ്ക്കാം.