പട്നയ്ക്ക് സമീപമുള്ള ഗ്രാമത്തിൽ 15 വയസുള്ള ഒരു പെൺകുട്ടിയുടെയും 10 വയസ്സുള്ള ആൺകുട്ടിയുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തി സംഭവം കൊലപാതകമാണെന്നാണ് കുട്ടികളുടെ കുടുംബം പറയുന്നത്.
കുട്ടികളെ ആദ്യം കൊന്ന് പിന്നീട് കത്തിച്ചെന്നാണ് പിതാവ് ലല്ലൻ ഗുപ്തയുടെ ആരോപണം. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഫോറൻസിക് സംഘത്തെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതൊരു കൊലപാതക കേസാണ്, എന്നിരുന്നാലും കൊലപാതകത്തിന് ശേഷം ഇരുവരെയും കത്തിച്ചതാണോ അതോ പൊള്ളലേൽപ്പിച്ച് കൊല്ലപ്പെടുത്തിയതാണോ എന്നതും അന്വേഷിച്ച് വരുകയാണ്. അവരുമായി വളരെ അടുപ്പമുള്ള ആരെങ്കിലും ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കാം. പുറത്തുനിന്നുള്ള ഒരാൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ സമീപത്തുള്ള ആരെങ്കിലും ഇത് കാണുമായിരുന്നു- പട്‌ന സിറ്റി എസ്പി വെസ്റ്റ് ഭാനു പ്രതാപ് സിംഗ് ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഇരകളുടെ കുടുംബത്തിന് ഇപ്പോൾ ഒരു മൊഴി രേഖപ്പെടുത്താൻ കഴിയില്ല, പക്ഷേ അവർ പങ്കിട്ട വിവരങ്ങളുമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകും എന്നും ഇദ്ദേഹം വ്യക്തമാക്കി.
















