India

യുവാക്കളില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു; അരുന്ധതി റോയിയുടെ “ആസാദി” ഉൾപ്പെടെ 25 പുസ്‌തകങ്ങൾ നിരോധിച്ച് ജമ്മു കശ്‌മീർ

തെറ്റായ വിവരങ്ങൾ” പ്രോത്സാഹിപ്പിക്കുകയും ഭീകരതയെ മഹത്വവത്‌ക്കരിക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ജമ്മു കാശ്മീർ ഭരണകൂടം 25 പുസ്‌തകങ്ങൾ നിരോധിക്കാൻ ഉത്തരവിട്ടു. ബുക്കർ ജേതാവ് അരുന്ധതി റോയിയുടെ “ആസാദി” യും നിരോധിച്ച പുസ്‌തകങ്ങളുടെ പട്ടികയിലുണ്ട്.

ശ്രീനഗറിൽ നടന്നുകൊണ്ടിരിക്കുന്ന ചിനാർ പുസ്‌തകോത്സവത്തിനിടയിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധിക്കപ്പെട്ട പുസ്‌തകങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക് വിദഗ്‌ധരുടേയും പത്രപ്രവർത്തകർ, ആക്‌ടിവിസ്റ്റുകൾ തുടങ്ങിയ എഴുത്തുകാരുടേയും പുസ്‌തകങ്ങൾ ഉൾപ്പെടുന്നു. ജമ്മു കശ്‌മീരിനുള്ളിൽ വാങ്ങാനോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലാത്ത പുസ്‌തകങ്ങളുടെ പട്ടികയിൽ താരിഖ് അലിയുടെ കശ്‌മീർ: ദി കേസ് ഫോർ ഫ്രീഡം, ക്രിസ്റ്റഫർ സ്നെഡൻ്റെ ഇൻഡിപെൻഡൻ്റ് കശ്‌മീർ, പങ്കജ് മിശ്ര തുടങ്ങിയവരുടെയും പുസ്‌തകങ്ങൾ ഉൾപ്പെടുന്നു.