കുടുംബത്തിൽനിന്ന് അകന്ന് പത്തുവർഷമായി സന്യാസജീവിതം നയിച്ചയാൾ മടങ്ങിയെത്തി ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. ദക്ഷിണ ഡൽഹിയിലെ നേബ് സരായിയിൽ ആണ് സംഭവം. ആക്രമണത്തിൽ കിരൺ ഝാ ആണ് കൊല്ലപ്പെട്ടത്. അയൽവാസികളാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന പ്രമോദ് കിരണിന്റെ വസതിയിൽനിന്ന് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
ബിഹാർ സ്വദേശിയായ പ്രമോദ് കഴിഞ്ഞ 10 വർഷമായി ഹെൽത്ത് കെയർ അസിസ്റ്റന്റായ ഭാര്യയിൽനിന്ന് വേർപിരിഞ്ഞാണ് താമസം. ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തിയത്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടതായാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മകൻ ദുർഗേഷ്, മരുമകൾ കമൽ, പേരക്കുട്ടി എന്നിവർക്കൊപ്പമാണ് കിരൺ താമസിച്ചിരുന്നത്. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
STORY HIGHLIGHT: man disguised as monk murders wife
















