കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് സുരക്ഷാമിത്രം എന്ന പേരിൽ പുതിയ കർമപദ്ധതിക്ക് തുടക്കമായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഹെൽപ് ബോക്സുകൾ സ്ഥാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹെൽപ് ബോക്സുകൾ പ്രധാനാധ്യാപികയുടെ നിയന്ത്രണത്തിലായിരിക്കും. എല്ലാ ആഴ്ചയും ഇവ തുറന്നുപരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ കൗൺസിലർമാരുടെ യോഗം വിളിച്ചുചേർക്കുമെന്നും, അതിൽ വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾ പറയുന്ന വിഷയങ്ങളിൽ നടപടിയെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് സുരക്ഷാമിത്രം പദ്ധതിക്ക് രൂപം നൽകിയത്. ഇതിൻ്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചറിയാനും അവർക്ക് പ്രത്യേക ശ്രദ്ധ നൽകാനും വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും അവരുമായി സൗഹൃദപരമായ അന്തരീക്ഷം സ്ഥാപിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനവും രക്ഷിതാക്കൾക്ക് ക്ലിനിക്കൽ ക്ലാസ്സുകളും നൽകുമെന്നും മന്ത്രി പറഞ്ഞു.
വനിത ശിശുവികസനം, സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ ഒരു നാലാം ക്ലാസ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















