തൃശൂരിലെ വോട്ട് ക്രമക്കേടിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ അന്വേഷണം. തൃശൂർ എസിപിയാണ് പരാതി അന്വേഷിക്കുന്നത്.
വ്യാജ രേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉണ്ട്. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദ്ദേശം തേടാനാണ് പൊലീസിൻ്റെ നീക്കം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.
















