സംസ്ഥാനത്തെ നഗരസഭകളില്‍ ഹരിതകര്‍മസേന തുടക്കം കുറിച്ച ഇ മാലിന്യ ശേഖരണത്തിന് മികച്ച പ്രതികരണം. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33945 കിലോ ഇമാലിന്യം. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഇ മാലിന്യം ശേഖരിച്ചത് 12261 കിലോ. ഇ മാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറുമ്പോള്‍ വരുമാനവും ലഭിക്കുന്നു. അപകടകരമല്ലാത്ത ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഗണത്തില്‍പെടുന്ന 44 ഇനങ്ങളാണ് ഹരിത കര്‍മസേന വില നല്‍കി ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില. ഇ മാലിന്യത്തിന് പകരമായി ഹരിതകര്‍മസേന വീടുകള്‍ക്ക് ഇതുവരെ നല്‍കിയത് 2,63,818.66 രൂപയാണ്. നിലവില്‍ നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ െ്രെഗന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അയണ്‍ ബോക്‌സ്, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യുപിഎസ്, സ്‌റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്‌ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേനയ്ക്ക് കൈമാറാം.
ശേഖരിക്കുന്ന ഉപകരണങ്ങള്‍ ക്ലീന്‍ കേരള കമ്പനിയില്‍ എത്തിച്ച് അവിടെ തരംതിരിക്കുന്നു. ഉപയോഗപ്രദമായ വസ്തുക്കള്‍ പുനരുപയോഗത്തിനായി നീക്കിവെക്കുന്നു. പുനചംക്രമണം ചെയ്യാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൈമാറുന്നു. ഒരു ഉപയോഗവും ഇല്ലാത്ത സാമഗ്രികള്‍ കൃത്യമായ മാനണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നു. ഈ മേഖലയില്‍ വിവിധ സ്വകാര്യ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശേഖരിക്കുന്ന ഇ മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണവും സുരക്ഷിതമായ നിര്‍മാര്‍ജനവും ഉറപ്പാക്കാനാകുമെന്നതാണ് ഹരിതകര്‍മസേന വഴിയുള്ള ഇ മാലിന്യ ശേഖരണത്തിന്റെ മേന്മ. അതിനാല്‍, ഹരിതകര്‍മസേന നല്‍കുന്ന ഈ സേവനം ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് ശുചിത്വ മിഷന്‍ അഭ്യര്‍ഥിച്ചു.
ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം ഫണ്ടില്‍ നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്നോ ആണ് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വില നല്‍കുന്നത്. ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുമ്പോള്‍ ഈ തുക ഹരിതകര്‍മ സേനയ്ക്ക് തിരികെ ലഭിക്കുന്നു. ശേഖരിക്കേണ്ട മാലിന്യങ്ങള്‍, പുനഃസംസ്‌കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍, ഇ മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളില്‍ ഹരിതകര്‍മസേനയ്ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി ആരംഭിച്ചത്. വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അത് ക്ലീന്‍ കേരള കമ്പനിയില്‍ എത്തിക്കാനുള്ള ഗതാഗതസംവിധാനവും തൊഴിലാളികളുടെ സേവനവും ആദ്യഘട്ടത്തില്‍ ഹരിതകര്‍മസേനയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഇ മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്‌കരണം ഉറപ്പാക്കാന്‍ ആരംഭിച്ച പദ്ധതി ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ, എന്നീ ഏജന്‍സികളുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ വകുപ്പാണ് നടപ്പാക്കുന്നത്.
















