കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. പ്രണയം നടിച്ച് പെൺകുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്നതും നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങളിലെത്തിച്ച് മതം മാറ്റുന്നതും സംസ്ഥാനത്ത് വർധിച്ചു വരികയാണെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ കുറ്റപ്പെടുത്തി.നിർബന്ധിത മതംമാറ്റത്തിൽ നിയമസഭ നിയമനിർമാണം നടത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം വിഷയം ഏറ്റെടുക്കാൻ തീരുമാനിക്കുകയും ഇതിന് നേതൃത്വം നൽകാൻ ഷോണിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത് ഇത്ര ദിവസം കഴിഞ്ഞിട്ടും നിർബന്ധിത മതപരിവർത്തന ശ്രമത്തിന് കേസെടുത്തിട്ടില്ല. വീട്ടിൽ പൂട്ടിയിട്ട് മർദിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തു വന്നു. എന്നിട്ടും ഇക്കാര്യത്തിൽ കേസെടുക്കാൻ നിയമമില്ല എന്നാണ് പൊലീസ് പറയുന്നത്. നിയമം ഇല്ലെങ്കിൽ ഇത്തരത്തിൽ മർദിച്ച് നിർബന്ധിതമായി മതം മാറ്റുന്നത് കുറ്റകൃത്യമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം, ഷോൺ ജോർജ് പറഞ്ഞു. യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ തീവ്രവാദ ബന്ധത്തെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ അന്വേഷിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നും പൊലീസ് അലംഭാവം തുടർന്നാൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ഷോൺ പറഞ്ഞു.
ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ്, എറണാകുളം സിറ്റി ജില്ലാ അധ്യക്ഷൻ കെ.എസ്.ഷൈജു, ജില്ലാ ജനറൽ സെക്രട്ടറി എസ്.സജി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം ഒമ്പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാർഥിനിയായ കോതമംഗലം കറുകടം സ്വദേശിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തായ റമീസിനെയും കുടുംബക്കാരെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യക്കുറിപ്പും ലഭിച്ചു. ഇതിനു പിന്നാലെ റമീസ് അറസ്റ്റിലാവുകയും ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രതി ചേർത്ത ഇയാളുടെ മാതാപിതാക്കൾ ഒളിവിലാണ്.
STORY HIGHLIGHT : bjp-protests-over-kothamangalam-womans-suicide
















