നാട്ടിക: നാട്ടികയിൽ പശുക്കുട്ടി ജനിച്ചത് 2 വായ, 2 ചെവി, 4 കണ്ണുകളുമായി. നാട്ടിക എസ്എന്‍ കോളേജിന് കിഴക്ക് ചിരിയാട്ട് ഗണേശന്റെ വീട്ടിലെ പശുവിന്റെ രണ്ടാം പ്രസവത്തിലാണ് ഇരട്ടത്തലയുള്ള പശുക്കുട്ടി പിറന്നത്. 2 തലയുടെ ഭാരം കാരണം എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയാണ് ഈ പശുക്കുട്ടിക്കുള്ളത്.
സാധാരണ നിലയിൽ കുഞ്ഞ് പുറത്ത് വരാതെ വന്നതോടെ വെറ്ററിനറി ഡോക്ടറെത്തിയാണ് പശുകുട്ടിയെ പുറത്തെടുത്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അസാധാരണ രീതിയിലുള്ള പശുക്കുട്ടി ജനിച്ചത്. നിലവിൽ പാൽ കറന്ന് വായിൽ ഒഴിച്ച് കൊടുക്കുകയാണ് വീട്ടുകാർ. 30 വർഷമായി പശുവളർത്തുന്നവരായ ഗണേശനും ഉഷക്കും ഇത്തരത്തിലൊരു കന്നുകുട്ടി ജനിക്കുന്നത് ആദ്യത്തെ അനുഭവമാണ്. നടക്കാൻ പോലും കഷ്ടപ്പെടുന്ന കന്നുകുട്ടിയെ കാണാനായി നിരവധിപ്പേരാണ് ഇവരുടെ വീട്ടിലെത്തുന്നത്.
















