പത്തനംതിട്ട: ലൈംഗിക അധിക്ഷേപ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അവസാനനിമിഷം വാർത്ത സമ്മേളനം ഒഴിവാക്കി. കൂടുതൽ തെളിവുകൾ പുറത്തുവന്നതിനെ തുടർന്നാണ് വാർത്താസമ്മേളനം രാഹുൽ റദ്ദാക്കിയത്.
നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് തത്കാലം മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന് തീരുമാനിച്ചത്. തത്കാലം കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ലെന്ന് പാർട്ടിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് വിവരം. നേരത്തെ രാഹുൽ തന്നെയാണ് മാധ്യമങ്ങളെ വിളിച്ച് വാർത്താസമ്മേളനത്തെ കുറിച്ച് വിവരം നൽകിയത്.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലും യുവതിയും സംസാരിക്കുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കൾ ഇടപെട്ട് വാർത്ത സമ്മേളനം റദ്ധാക്കിയത്.പുറത്തുവന്ന ശബ്ദരേഖയിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായും ആത്മഹത്യ ഭീഷണി മുഴക്കുന്നതായും കേൾക്കാമായിരുന്നു. മാത്രമല്ല ‘കൊല്ലാൻ ആണെങ്കിൽ എത്ര നേരം വേണമെന്ന വിചാരിക്കുന്നത്’ എന്നത് ഉൾപ്പെടെയുള്ള ഭീഷണി സംഭാഷണവും ശബ്ദരേഖയിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിൽ നിന്ന് എംഎൽഎ സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ശക്തമായി. എന്നാൽ ഒരു വിഭാഗം നേതാക്കൾ രാജിവെക്കേണ്ടതില്ല എന്ന നിലപാട് തുടരുന്നതിനാൽ അനിശ്ചിതത്വം തുടരുകയാണ്.
















